Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിശദാംശങ്ങൾ

Published

on

pinarayi vijayan

സംസ്ഥാനത്ത് ഇന്ന് 1,04,120 പരിശോധനകള്‍ നടത്തിയതില്‍ 12,246 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 166 പേര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ആകെ ചികിത്സയിലുള്ളത് 1,12,361 പേരാണ്.

കോവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മെയ് 8ന് ആരംഭിച്ച ലോക്ക്ഡൌണ്‍ ജൂണ്‍ 17 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തില്‍ സംസ്ഥാനത്ത് വളരെ ശക്തമായി. ജൂണ്‍ ആദ്യത്തോടെ കുറഞ്ഞ് തുടങ്ങി, എങ്കിലും ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ പര്യാപ്തമായ തോതിലെത്തിയിരുന്നില്ല, ഇപ്പോള്‍ ആശ്വാസകരമായ സ്ഥിതി കൈവരിച്ചത് കൊണ്ടാണ് ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായിട്ടല്ലെങ്കിലും കൂടുതല്‍ ഇളവുകളനുവദിച്ച് ലഘൂകരിക്കാന്‍ തീരുമാനിക്കുന്നത്.

മെയ് ആറിന് 42,464 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ഘട്ടത്തില്‍ മെയ് 15 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.8% ആയി ഉയര്‍ന്നിരുന്നു. പുതിയ കേസുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറഞ്ഞ് വന്നു. ഇന്ന് 12,246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ മെയ് പതിനഞ്ചിന് 4,45,334 ആയിരുന്നത് ഇന്ന് 1,12,361 ആയി കുറഞ്ഞിട്ടുണ്ട്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി വിവിധ തലങ്ങളിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നതിനാല്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിച്ചു. ഉചിതമായ ചികിത്സ എല്ലാവര്‍ക്കും തന്നെ നല്‍കാന്‍ നമുക്ക് കഴിഞ്ഞു. ഐസിയു കിടക്കകളുടെ 63 ശതമാനം മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്. വെന്‍റിലേറ്ററുകളില്‍ 32 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഇടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപെട്ട ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍ മൈക്കോസിസ്) രോഗം നിയന്ത്രണ വിധേയമായി കഴിഞ്ഞിട്ടുണ്ട്. ഈ രോഗ ചികിത്സക്കാവശ്യമായ മരുന്നും ലഭ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്. തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15ലും താഴെയെത്തി. ആലപ്പുഴ, കണ്ണൂര്‍. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയായിരിക്കുന്നു. ജൂണ്‍ 11,12,13 ദിവസങ്ങളിലെ ശരാശരി ടിപിആര്‍ അതിനു മുന്‍പുള്ള മൂന്നു ദിവസങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 8.26 ശതമാനം കുറഞ്ഞതായി കാണം. സമാന ദിവസങ്ങളിലെ ആക്റ്റീവ് കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ 7.45 ശതമാനം കുറഞ്ഞിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണത്തില്‍ 14.17 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

നിലവിലെ തരംഗം പരിശോധിക്കുമ്പോള്‍ അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ദ്ധനവുണ്ടകാന്‍ സാധ്യതയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 5 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ 1 ശതമാനം വര്‍ദ്ധനവും പ്രതീക്ഷിക്കുന്നു. മറ്റു ജില്ലകളിലെല്ലാം കേസുകളുടെ എണ്ണം കുറയുമെന്ന് കരുതപ്പെടുന്നു. സംസ്ഥനത്ത് മൊത്തതില്‍ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തില്‍ അടുത്ത ആഴ്ച 16 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ 20ന് 1.2 ലക്ഷവും ജൂണ്‍ 27 ആകുമ്പോളെക്കും 95000വും ആയി ആക്റ്റീവ് കേസുകളുടെ എണ്ണം കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

സംസ്ഥാനം മൊത്തം എടുത്താല്‍ രണ്ടാം തരംഗത്തിന്‍റെ നിയന്ത്രണം വലിയതോതില്‍ സാധ്യമായിട്ടുണ്ടെങ്കിലും നിരവധി പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇത്തരം പഞ്ചായത്തുകളെ കണ്ടൈയിന്‍മെന്‍റ് സോണുകളായി തിരിച്ച് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ടെസ്റ്റ് പോസിറ്റിവിറ്റി
അത്ര ഉയര്‍ന്നതല്ലെങ്കിലും അപകടസൂചന നല്‍കുന്ന പഞ്ചായത്തുകളില്‍ ചില അധിക നിയന്ത്രണങ്ങള്‍ വേണ്ടിവരും.

തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ ‘കുറഞ്ഞ വ്യാപനമുള്ളത്’ എന്നാണ് കണക്കാക്കുക. 8 മുതല്‍ ഇരുപതുവരെ ശതമാനമാണെങ്കില്‍ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കില്‍ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തനം അനുവദിക്കും.

ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്മെന്‍റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്മെന്‍റ് സെക്രട്ടേറിയറ്റില്‍ നിലവില്‍ ഉള്ളത് പോലെ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കര്‍ പ്രവര്‍ത്തിക്കണം. എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും.
ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം തുടരുന്നതാണ്. വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.

എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ). റസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും. വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല (മാളുകള്‍ ഉള്‍പ്പെടെ)

എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങള്‍ പരസ്യപ്പെടുത്തും. കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും.

ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എല്‍ടിസി- ഡിസിസിയില്‍ ക്വാറന്‍റീന്‍ ചെയ്യേണ്ടതാണ്. വീടുകളില്‍ വേണ്ടത്ര സൗകര്യമുള്ളവര്‍ (ഉപകരണങ്ങള്‍ ഉള്‍പ്പെടെ) മാത്രമേ വീടുകളില്‍ കഴിയാന്‍ അനുവദിക്കൂ. പരസ്പര സമ്പര്‍ക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോര്‍ സ്പോര്‍ട്സ് അനുവദിക്കും. ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തനം.

ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.) ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ ഉള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണും ടി.പി.ആര്‍ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളില്‍ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആര്‍ നിരക്ക് 8ല്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനു താഴെ നില്‍ക്കുന്ന 147 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇന്നത്തെ കണക്ക് അനുസരിച്ചുള്ളത്. 8നും 20നും ഇടയിലുള്ളത് 716 തദ്ദേശ ഭരണ സ്ഥാപനങ്ങളും 20നും 30നും ഇടയിലുള്ളത് 146 തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. 30നു മുകളില്‍ ടിപിആര്‍ ഉള്ളത് 25 ഇടങ്ങളിലാണ്.
പരിശോധനകളുടെ എണ്ണത്തിലും രോഗബാധ കൂടുതലുള്ളിടങ്ങളില്‍ വലിയതോതില്‍ വര്‍ധന വരുത്തും.

ജനങ്ങള്‍ ഒട്ടേറെ കഷ്ടപ്പാടും ത്യാഗവും സഹിച്ച് സര്‍ക്കാര്‍ നടപടികളോട് പൂര്‍ണ്ണമായും സഹകരിച്ചത് കൊണ്ട് മാത്രമാണ് രണ്ടാം തരംഗത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ നമുക്ക് വലിയൊരു പരിധിവരെ വിജയിക്കാന്‍ കഴിഞ്ഞത്. കോവിഡ് പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോള്‍ മറ്റൊരു വഴിയുമില്ലാത്തത് കൊണ്ടാണ് ലോക്ക് ഡൌണ്‍ പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നത്. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കഴിവതും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ നേരിടുന്ന ബുദ്ധുമുട്ടുകള്‍ പരിഹരിക്കാന്‍ ജനങ്ങളോടൊപ്പം കേരള സര്‍ക്കാര്‍ ഉണ്ടാവുമെന്ന് ഉറപ്പ് തരുന്നു.

ലോക്ക്ഡൗണ്‍ ലഘൂകരിക്കുമ്പോള്‍ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാന്‍ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നേരത്തേ സൂചിപ്പിച്ചിട്ടുള്ളത് പോലെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസ് ചെറിയ ആള്‍കൂട്ടത്തില്‍ പോലും വലിയതോതില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ശരീരദൂരം പാലിക്കുന്നതരത്തില്‍ ജനങ്ങളെ ക്രമീകരിച്ചും മറ്റും എല്ലാവരും ആള്‍കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മൂന്നാം തരംഗം തടഞ്ഞ് ഇനിയൊരു ലോക്ക്
ഡൗണിന്‍റെ ആവശ്യം ഇല്ലാതാക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് കോവിഡ് വാക്സിനേഷന്‍ ത്വരിത ഗതിയിലാക്കാനും സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ് ഇതിനകം 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞു. 9 % പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. 40 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം ജൂലൈ 15 ഓടെ ആദ്യ ഡോഡ് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രണ്ടാം തരംഗം ഉയരാനായി തുടങ്ങിയ
സന്ദര്‍ഭത്തില്‍ തന്നെ ലോക്ഡൗണിലേയ്ക്ക് പോയ അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു കേരളം.

അതുകൊണ്ട് രോഗവ്യാപനം നിയന്ത്രണാതീതമാകാതെ നോക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തില്‍ രോഗികളുടെ എണ്ണം പിടിച്ചു നിര്‍ത്താനും സാധിച്ചു. ഇതിന്‍റെ മറ്റൊരു വശം രോഗബാധയുണ്ടാകാത്ത, രോഗികളാകാന്‍ സാധ്യതയുള്ള ഒരുപാടാളുകള്‍ നമ്മുടെ നാട്ടില്‍ ഇനിയുമുണ്ടാകും എന്നതാണ്. ലോക്ഡൗണ്‍ ലഘൂകരിക്കുന്ന വേളയില്‍ അവരില്‍ പലര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് രണ്ടാം തരംഗമുണ്ടായ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ സമയം ഇവിടെ അത് നീണ്ടു നില്‍ക്കാം. അവിടങ്ങളില്‍ രോഗം അതിവേഗമുയരുകയും വലിയ നാശം വിതച്ചതിനു ശേഷം പെട്ടെന്നു താഴുകയുമാണ് ചെയ്തത്. പക്ഷേ. ഇവിടെ നമ്മള്‍ രോഗം ഉച്ചസ്ഥായിയില്‍ എത്തുന്നത് ദീര്‍ഘിപ്പിക്കുകയും അതിനെ താഴ്ത്തി നിര്‍ത്തുകയും ചെയ്യുക എന്ന നയമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് മരണങ്ങളുടെ എണ്ണവും നിരക്കും കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചത്. അതുകൊണ്ട് തന്നെ ഇവിടെ രണ്ടാം തരംഗം മറ്റിടങ്ങളേക്കാള്‍ നീണ്ടു നില്‍ക്കും എന്നത് സ്വാഭാവികമാണ്.

നിലവില്‍ ലോകത്ത് ഒരിടത്തും കോവിഡിനെ പരിപൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. പകരം, ഒരു പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ അതിനെ പിടിച്ചു നിര്‍ത്തുക എന്നതാണ് ചെയ്യാനുള്ളത്. അതാണ് തുടക്കം മുതല്‍ കേരളം സ്വീകരിച്ചു വന്ന നിലപാട്.
നമുക്ക് രോഗ നിയന്ത്രണത്തില്‍ വലിയ മാറ്റം സാധ്യമായിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

എറണാകുളം ജില്ലയിലെ ചെല്ലാനത്തിന്‍റേത് ഒരു മികച്ച മാതൃകയാണ്. 70 ശതമാനത്തിലേറെ ടി.പി. ആര്‍ ഉയര്‍ന്ന ചെല്ലാനത്ത് ഫലപ്രദമായ പ്രതിരോധത്തിലൂടെ 16.8 ശതമാനമായി താഴ്ന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നടത്തിയതുള്‍പ്പെടെ ബഹുതല ഇടപെടലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള തിരുവനന്തപുരം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. 14.2 ശതമാനമാണ് ജൂണ്‍ 14ലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 28 പഞ്ചായത്തുകളിലാണ് കോവിഡ് വ്യാപനം രൂക്ഷം. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. ഈ പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വല്ലാതെ വ്യാപനമുള്ള പഞ്ചായത്തുകള്‍ പ്രത്യേകം കണ്ടത്തും. ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്ത് പരിധിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിദിനം കുറഞ്ഞത് 100 പേരെയെങ്കിലും പരിശോധനയ്ക്കു വിധേയരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ വൃദ്ധ സദനങ്ങളില്‍ 100 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 66 വൃദ്ധ സദനങ്ങളിലെ 1,591 അന്തേവാസികള്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. ഇതില്‍ 332 പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. കിടപ്പു രോഗികള്‍ക്കുള്ള വാക്സിനേഷനും പുരോഗമിക്കുന്നു.

കോഴിക്കോട് ജില്ലയിലെ ചില വാക്സിനേഷന്‍ സെന്‍ററുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന പരാതി പരിശോധിച്ച് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ പ്രിന്‍റിങ്ങ് പ്രസ് പ്രവര്‍ത്തനം അനീുവദിക്കും. റജിസ്ട്രേഷന്‍, ആധാരമെഴുത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി അനുവദിക്കാമെന്നാണ് കാണുന്നത്. ലോട്ടറി മേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. പുതിയ സാഹചര്യത്തില്‍ ലോട്ടറി വില്‍പന അനുവദിക്കുന്നത് പരിഗണിക്കും.

രോഗവ്യാപനത്തിന്റെയും പുനര്‍ രോഗബാധയുടെയും മറ്റും സ്വഭാവം പഠന വിധേയമാക്കും.
മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ വിലാസത്തിലും പേരിലും പിശകു വരരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കി. മരണപ്പെട്ടവരുടെ ബന്ധുക്കളോട് ഫോറം പൂരിപ്പിച്ച് നൽകാൻ നിർദ്ദേശിക്കും. ലോക്ക് ഡൗണ്‍ മേഖലകളില്‍നിന്ന് പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അനുമതി നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലുള്ളവരെ പൂര്‍ണ്ണമായി സജ്ജമാവുക ഒഴിച്ചുകൂടാനാവാത്തതാണ് . അവരെ പൂർണമായും വാക്സിനേറ്റ് ചെയ്യാന്‍ ശ്രമിക്കും.

കോവിഡ് രണ്ടാം തരംഗം കുറഞ്ഞു വരികയാണെങ്കിലും നമ്മള്‍ ജാഗ്രത തുടരേണ്ടതാണ്. പൊതു സ്ഥലങ്ങളില്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീട്ടിലും ഓഫീസിലും ഏറെ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റേണ്ടതുണ്ട്. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചില ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കൂട്ടമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഫീസുകള്‍ ക്ലസ്റ്ററുകളാകാതിരിക്കാന്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് കൂട്ടമായി ഇരുന്ന് കഴിക്കാന്‍ പാടില്ല. എല്ലാവരും ഓഫീസുകള്‍ക്കുള്ളിലും മാസ്ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസ് ചെയ്യണം. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ട്. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ് അക്കൂട്ടത്തില്‍ ഒന്ന്. അത്തരത്തില്‍ ഭീതി പുലര്‍ത്തേണ്ട സാഹചര്യമില്ലെന്നും രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ദ്ധനവു മാത്രമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും മുന്‍പ് വ്യക്തമാക്കിയതാണ്. അതോടൊപ്പം അക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതലുകളും വിശദമാക്കിയിരുന്നു. രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാന്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കുന്നതിനു പകരം കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകള്‍, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളെ
ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിനു പുറകേ പോകാതെയുള്ള മാതൃകാപരമായ റിപ്പോര്‍ട്ടിംഗ്
രീതി അവലംബിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

മൂന്നാം തരംഗം മുന്‍കൂട്ടിയറിയുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. നിലവില്‍ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുന്ന സംസ്ഥാനമാണ് നമ്മുടേത്. എങ്കിലും പുതിയ പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനിതക
വ്യതിയാനമുള്ള വൈറസുകളെ കണ്ടെത്താനുള്ള പഠനങ്ങളും കൂടുതല്‍ വിപുലീകരിക്കും.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,329 പേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,846 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 38,32,470 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ