കേരളം
കേരളത്തിൽ ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്.
നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. നേരത്തെ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നെങ്കിലും ഇളവുകൾ ഉണ്ടായിരുന്നു.
രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവുമുയർന്നു. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവും ഉയർന്നിരുന്നു.
രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണു നിബന്ധനകൾ കർശനമാക്കിയത്. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ.