കേരളം
കേരളത്തിലെ ആദ്യത്തെ ട്രീ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്ത് നടൻ ജയസൂര്യ
കേരളത്തിലെ ആദ്യ ട്രീ ആംബുലൻസുമായി മുവാറ്റുപുഴ പണ്ടപ്പിള്ളിയിലെ പീപ്പിൾസ് ബൊട്ടാണിക്കൽ ഗാർഡനും ”ട്രീ” എന്ന സംഘടനയും (TREE – Team for Rural Ecological Equilibrium). കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം കഴിഞ്ഞ രണ്ട് വർഷമായി പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളിലൂടെയും മറ്റ് സന്നദ്ധ സംഘടനകൾ വഴിയും സർക്കാർ നൽകുന്ന വൃക്ഷത്തൈ വിതരണവും തൈ നടലും തടസം നേരിട്ടിരിയ്ക്കുകയാണ്.
ഈ സാഹചര്യത്തിൽ നിലവിലുള്ള മരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇങ്ങനെയൊരു ട്രീ ആംബുലൻസ് സേവനം ആരംഭിച്ചതെന്ന് ട്രീ കോർഡിനേറ്റർ അഡ്വ. ദീപു ജേക്കബ് പറഞ്ഞു. പ്രഥമശുശ്രൂഷ, പിഴുതുമാറ്റിയ വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈകൾ വളർത്തൽ, മരങ്ങൾ മാറ്റുക, വൃക്ഷങ്ങളുടെ സർവേ, നശിച്ച മരങ്ങൾ നീക്കംചെയ്യൽ തുടങ്ങിയ സേവനങ്ങൾ ഈ ട്രീ ആംബുലൻസിൽ നിന്നും ലഭിയ്ക്കും.
പൊതുയിടങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ ആണിയടിച്ച് ബോർഡ്കൾ തൂക്കിയതോ, മറ്റു സംരക്ഷണമില്ലാതെ കാട് പിടിച്ച് കിടക്കുന്നതോ ആയ മരങ്ങളുടെ ഫോട്ടോയും ,ലൊക്കേഷനും താഴെ പറഞ്ഞിരിയ്ക്കുന്ന വാട്സാപ്പ് നമ്പരിൽ അയച്ചാൽ ട്രീ ആംബുലൻസ് റ്റീം സ്ഥലത്തെത്തി വേണ്ട പരിപാലനം നടത്തും. പൂന്തോട്ടപരിപാലന ഉപകരണങ്ങൾ, വെള്ളം, എന്നിവയും ഒപ്പം ഒരു പ്ലാന്റ് വിദഗ്ദ്ധനും സഹായികളും ട്രീ ആംബുലൻസിൽ യാത്ര ചെയ്യും.
ട്രീ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് പ്രശസ്ത സിനിമാ താരം ജയസൂര്യ നിർവഹിച്ചു. ഓക്സിജൻ പാർക്കിൻ്റെ ഭാഗമായുള്ള ആൽമരത്തൈ ജൂനിയർ ട്രീ കോർഡിനേറ്റർ എൽദോ ദീപു ജയസൂര്യയ്ക്ക് വേണ്ടി പീപ്പിൾസ് ബൊട്ടാണിക്കൽ ഗാർഡനിലെ നാൽപ്പാമരക്കുന്നിൽ നട്ടു.മൂവാറ്റുപുഴ ഇറിഗ്രേഷൻ പ്രോജക്റ്റിൻ്റെ ഭാഗമായിരുന്ന സ്ഥലത്ത് മാലിന്യങ്ങൾ കൊണ്ട് ഇടുന്നത് പതിവായിരുന്നു.
ഇതിനൊരു അറുതി വരുത്തുകയും മരണമടയുന്ന വരുടെ ഓർമ്മയ്ക്കായി ഒരു വൃക്ഷത്തൈ നട്ട് ഭൂമിയ്ക്ക് തണലാകുക എന്ന ലക്ഷ്യത്തോടെയും കുറച്ച് ചെറുപ്പക്കാർ ചേർന്ന് 2012 ൽ തുടക്കം കുറിച്ചതാണ് ഈ ട്രീ എന്ന പരിസ്ഥിതി സംഘടന. ഒൻപത് വർഷത്തോളമായി അയ്യായിരത്തലധികം വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്നുണ്ട്,
നാൽപ്പാമര കപ്പൽക്കുന്ന്, നക്ഷത്ര വനം, ദശമൂല ബട്ടർഫ്ലൈ ഗാർഡൻ, ഫ്രൂട്ട്സ് ഗാർഡൻ, ക്രിത്രിമ മഴ പെയ്യിക്കുന്ന പുല്ലാന്തി ഹട്ട്, റോക്ക് ഗാർഡൻ തുടങ്ങി നിരവധി ഗാർഡനുകളുമുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ മൂവാറ്റുപുഴ, തൊടുപുഴ കൂത്താട്ടുകുളം പിറവം പ്രദേശങ്ങളിൽ ഇത്തരത്തിൽ പുനരുജ്ജീവിപ്പിക്കേണ്ട മരങ്ങളോ ചെടികളോ ഉണ്ടങ്കിൽ ട്രീ ആംബുലൻസിൻ്റെ ടീമിനെ അറിയിക്കാനായി ഈ നമ്പരിൽ ബന്ധപ്പെടാം.
ഫോൺ: 9447555044 ഒപ്പം നിങ്ങൾക്ക് വൃക്ഷത്തൈകൾ നട്ടു പരിപാലിക്കാൻ സ്ഥലമില്ലെങ്കിൽ ഈ ട്രീ കൂട്ടായ്മയെ ഏൽപിച്ചാൽ ഇവർ നട്ട് പരിപാലിക്കും നിങ്ങൾക്കായി