കേരളം
ഇന്ന് മുതല്‍ ഒൻപത് വരെ കര്‍ശന പോലീസ് പരിശോധന
രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറച്ച് കൊണ്ട് വരുന്നതിനുമായി, ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് (05-06-21) മുതല്‍ ഒൻപതാം തിയതി (09-06-21) വരെ പോലീസ് പരിശോധന കര്‍ശനമാക്കിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
നിലവില്‍ ലോക്ക്ഡൌൺ ഇളവുകളുടെ ഭാഗമായി പ്രവര്‍ത്തനാനുമതി നല്‍കിയ അവശ്യവിഭാഗങ്ങള്‍ ഒഴികെയുള്ള വിപണന സ്ഥാപനങ്ങള്‍ ഇന്ന്‌മുതല്‍ ജുണ്‍ ഒൻപതാം തീയതി വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രമേ ഒന്‍പതാം തിയതി വരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കേണ്ടതും സര്‍ക്കാര്‍ അനുവദിച്ചിട്ടുളള സമയക്രമം കൃത്യമായും പാലിക്കേണ്ടതുമാണ്. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽ പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. നിലവില്‍ പാസ് അനുവദിച്ചിട്ടുള്ളവരില്‍ ഒഴിവാക്കാന്‍ കഴിയാത്ത മെഡിക്കല്‍ സേവനങ്ങള്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് മാത്രമേ ഒന്‍പതാം തിയതി വരെ യാത്ര അരുവദിക്കുകയുള്ളൂ. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരെയും, യാത്രാ പാസ്സുകൾ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും പോലീസ് കര്‍ശന നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ അനുദിച്ചിട്ടുള്ള അവശ്യ സര്‍വ്വീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍ ജോലി സ്ഥലത്തേയ്ക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്ര ചെയ്യേണ്ടതും ഇവര്‍ ഓദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതേണ്ടതുമാണ്. ഫ്ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയിൽപെട്ടാല്‍, ഏത് ഫ്ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലുടെ അറിയിക്കേണ്ടതും വിവരം പോലീസ് സ്റ്റേഷനിലും, ആരോഗ്യം, നഗരസഭ, അധികൃതരെയും അറിയിക്കേണ്ടതാണ്. അതാത് ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കോവിഡ് രോഗ നിയന്ത്രണത്തിനായി സര്‍ക്കാരും പോലീസും ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ നടപടികളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.