Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിദാംശങ്ങൾ

Published

on

WhatsApp Image 2021 05 17 at 6.23.46 PM

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,44,372 പരിശോധനകള്‍ നടത്തി. 151 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,48,526 പേരാണ്. ഇന്ന് 35,525 പേര്‍ രോഗമുക്തരായി. ഇന്ന് ചേര്‍ന്ന അവലോകന യോഗം കോവിഡ് വ്യാപനത്തില്‍ കുറവുവരുന്നതായിട്ടാണ് വിലയിരുത്തിയത്. എന്നാല്‍, പൂര്‍ണമായും ആശ്വസിക്കാവുന്ന നിലയായിട്ടില്ല. ദൈനംദിനം രോഗവിമുക്തി നേടുന്നവരുടെ എണ്ണം രോഗികളാകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്‍റെ ഗുണഫലമാണ് രോഗവ്യാപനത്തില്‍ കാണുന്ന ഈ കുറവ്. പക്ഷേ, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണ്.

ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഐസിയു ബെഡുകളിലും വെന്‍റിലേറ്ററുകളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ചു നാളുകള്‍ കൂടി നീണ്ടു നില്‍ക്കും. അതിനാല്‍ ആശുപത്രികളില്‍ കൂടുതല്‍ തിരക്കുണ്ടാകാതിരിക്കുക എന്നത് അനിവാര്യമാണ്. മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട ഏറ്റവും പ്രധാന മുന്‍കരുതലാണത് എന്നോര്‍ക്കണം. വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തും.

സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതൽ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണം. ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. കോവിഡ്മൂലം മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ മാറ്റുന്നതിലും സംസ്കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മരണമടയുന്നവരെ ഉടന്‍ തന്നെ വാര്‍ഡുകളില്‍നിന്നു മാറ്റാന്‍ സംവിധാനമുണ്ടാക്കും. ടെക്നിക്കല്‍ സര്‍വകലാശാലയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ മാരുടെ യോഗം കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു. ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ അവരുടെ അഭിപ്രായം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15 പരീക്ഷകള്‍ ആരംഭിക്കാമെന്നാണ് വിസിമാരുടെ വിലയിരുത്തല്‍. അതനുസരിച്ച് പരീക്ഷ ആരംഭിക്കും.

മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്‍റിങ് സെന്‍ററുകളും ഇന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അവയുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഇത് കൃത്യമായി പാലിക്കണം. കോവിഡ് പ്രതിരോധ സാമഗ്രികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുളള പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ കണ്ടെത്തുന്നതിനായി സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ശരീരത്തിന്‍റെ ഓക്സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും.

ബ്ളാക്ക് ഫംഗസ് രോഗത്തിന്‍റെ ചികിത്സയ്ക്കാവശ്യമായ ആംഫോടെറിസിന്‍ ബി, ലൈപോസോമല്‍ ആംഫോടെറെസിന്‍ ബി എന്നീ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്. ഇവ ഉല്‍പാദിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുകയാണ്. വാക്സിനുകള്‍ ലഭിച്ചവര്‍ അതിരുകടന്ന സുരക്ഷിതബോധം സൂക്ഷിക്കാന്‍ പാടില്ല. വാക്സിനുകള്‍ പ്രതിരോധം നല്‍കുന്നു, രോഗം പിടിപെട്ടാല്‍ തന്നെ അതിന്‍റെ രൂക്ഷത കുറവായിരിക്കും എന്നതെല്ലാം യാഥാര്‍ഥ്യമാണെങ്കിലും വാക്സിന്‍ എടുത്തവരിലും രോഗബാധ ഉണ്ടാകാം.

വാക്സിനേഷന്‍ എടുത്തു എന്നു കരുതി അശ്രദ്ധമായ പെരുമാറ്റ രീതികള്‍ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. മറ്റു ഗുരുതര രോഗാവസ്ഥയുള്ളവര്‍ ഒരു ഘട്ടത്തിലും അവരുടെ ചികിത്സയും ശ്രദ്ധയും ഉപേക്ഷിക്കരുത്. ആശുപത്രികളില്‍ പോകുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ സര്‍ക്കാരിന്‍റെ ഇസഞ്ജീവനി ആപ്പ് വഴി ടെലിമെഡിസിന്‍ സൗകര്യം ഉപയോഗിച്ച് ചികിത്സ തേടേണ്ടതാണ്. ഈ ലോക്ഡൗണ്‍ കാലയളവില്‍ മാനസികരോഗ ചികിത്സയിലുള്ള രോഗികള്‍ക്കാവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം 31,520 പേരെ ഫോണില്‍ ബന്ധപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 74,087 കോളുകളും അതിഥി തൊഴിലാളികള്‍ക്കായി 24,690 കോളുകളും ചെയ്തു. ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങള്‍ക്ക് വേണ്ട മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പു വരുത്താന്‍ ലോക്ഡൗണ്‍ കാലയളവില്‍ മാത്രം ചെയ്തത് 2,18,563 ഫോണ്‍ കോളുകളാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഈ സംവിധാനം വഴി ഉറപ്പുവരുത്തി.

വകുപ്പു സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്ന ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാര്‍. ഫയലുകളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണചുമതല അവര്‍ക്കാണ്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയില്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കി.

തീരുമാനങ്ങള്‍ സത്യസന്ധമായി കൈക്കൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആര്‍ക്കും ഉണ്ടാകേണ്ടതില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ രണ്ടുതവണ നടപ്പാക്കിയതാണ്. ഇത് സാധാരണ ഭരണക്രമത്തിന്‍റെ ഭാഗമായിത്തന്നെ നടപ്പാക്കണം. സങ്കടഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്നങ്ങള്‍ ആണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാര്‍ വിശകലനം ചെയ്യാന്‍ മുന്‍കൈയെടുക്കേണ്ടതാണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണപരിഷ്കരണവും നവീകരണവും തുടര്‍പ്രക്രിയയായി നടക്കേണ്ടതാണ്. ഭരണപരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ ഗൗരവമായി കണ്ട് നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഓരോ സെക്രട്ടറിയും പരിശോധിക്കും. ഇത് ചീഫ് സെക്രട്ടറിതലത്തില്‍ അവലോകനം ചെയ്യും. ഫയലുകളിലെ വിവരങ്ങള്‍ തല്‍പരകക്ഷികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഫയലിന് രഹസ്യ സ്വഭാവം വേണ്ടതുണ്ടെങ്കില്‍ അത് സൂക്ഷിക്കണം. വിവരാവകാശ നിയമത്തിന്‍റെ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ ഫയലിലെ വിവരങ്ങള്‍ ലഭ്യമാക്കാവൂ. പിഎസ്സി റാങ്ക്ലിസ്റ്റുകളില്‍ നിന്നും പരമാവധി നിയമനങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥര്‍ അര്‍ഹത നേടാത്ത സാഹചര്യത്തില്‍ ഹയര്‍ കേഡര്‍ ഒഴിവുകള്‍ ഡി-കേഡര്‍ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഈ കാര്യത്തിലെ പുരോഗതി പരിശോധിക്കും. റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇവ കൃതമായി നടന്നിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കും. ഇനിയും പിഎസ്സിക്ക് വിടാത്ത നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതിലുള്ള പുരോഗതി സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയെ അറിയിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്ന് നിര്‍ദേശം നല്‍കി. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരും. പ്രധാന പ്രഖ്യാപനങ്ങളായ അതീവ ദാരിദ്ര്യനിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ വരാതെ തന്നെ ലഭ്യമാക്കല്‍, ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നത് എന്നിവയടക്കം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കര്‍മ്മപരിപാടികള്‍ എല്ലാം തന്നെ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈയെടുക്കണം എന്ന് യോഗത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിനായി സേവന അവകാശ നിയമം കൂടി പരിഗണിക്കേണ്ടതുണ്ട്. ഭരണ നിര്‍വ്വഹണത്തില്‍ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗം കൂടിയാണിത്. കേരളത്തിന്‍റെ മുഖഛായ മാറ്റാന്‍ പറ്റുന്ന പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകളുണ്ടാവണം. കൊച്ചി-ബാംഗളൂരു വ്യവസായ ഇടനാഴി, എറണാകുളം-മംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. സെമി ഹൈസ്പീഡ് റെയില്‍വേ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ, മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തിലുണ്ടാക്കുക. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുമുണ്ട്. നല്ല പ്രാധാന്യത്തോടെ അതത് വകുപ്പുകള്‍ ഏറ്റെടുത്ത് വേഗതയോടെ ഇത് നടപ്പാക്കണമെന്നാണ് യോഗത്തില്‍ പറഞ്ഞ ഒരു പ്രധാന കാര്യം.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞവ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ പദ്ധതികളില്‍ നടപ്പാക്കാന്‍ ബാക്കിയുള്ളവയ്ക്കും മുന്‍ഗണന നല്‍കണം. കടലാക്രമണം തടയാന്‍ ലോകത്ത് ഏതെല്ലാം അറിവുകള്‍ ശേഖരിച്ച് പ്രാവര്‍ത്തികമാക്കാന്‍ പറ്റും എന്ന സാധ്യതകള്‍ ആരായണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാകേണ്ട സാമ്പത്തിക സഹായം കൃത്യമായി നേടിയെടുക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അതിന് പ്രത്യേക സംവിധാനം വേണമെങ്കില്‍ ആലോചിക്കാനും തീരുമാനിച്ചു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഒരിനമാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി. അതിനുള്ള മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കുവാന്‍ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും ശുപാര്‍ശകളും സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയില്‍. റിപ്പോര്‍ട്ട് 2021 ജൂലൈ 10നകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.

ഗാര്‍ഹിക അദ്ധ്വാനത്തിലേര്‍പ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഉള്‍പ്പെടുന്നുമില്ല. ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമായിരിക്കും. വിഴിഞ്ഞം തീരത്ത് കഴിഞ്ഞ ദിവസം രാത്രി അപകടം ഉണ്ടായപ്പോള്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും വിലയേറിയ എട്ട് ജീവനുകള്‍ രക്ഷിക്കാനും കോസ്റ്റല്‍ ഗാര്‍ഡിനും കോസ്റ്റല്‍ പൊലീസിനും തിരുവനന്തപുരം സിറ്റി പൊലീസിനും സാധിച്ചു. ഈ ഏജന്‍സികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ഫാദര്‍ മൈക്കിള്‍ തോമസിന്‍റെ നേതൃത്വത്തിലുളള നാട്ടുകാരും മുന്നിലുണ്ടായിരുന്നു. അവരെയെല്ലാം അഭിനന്ദിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,823 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5,236 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 39,86,750 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്. പതിനഞ്ചാം കേരള നിയമസഭയുടെ ഈ വര്‍ഷത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ