ആരോഗ്യം
ബ്രസീലിൽ ഒരുദിനം 39,436 പേർക്ക് കൊവിഡ്; ആഗോള മരണസംഖ്യ 4.8 ലക്ഷത്തിലേക്ക്
വാഷിങ്ടൺ: ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുന്നത് തുടരുന്നു. ബ്രസീലിലും അമേരിക്കയിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വേൾഡോ മീറ്ററിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്താകെ 9353735 കൊവിഡ് കേസുകളാണ് ജൂൺ 24ബുധനാഴ്ച രാവിലെ വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരിലും മരണസംഖ്യയിലും ഒന്നാമത് അമേരിക്കയാണ്. രണ്ടാമത് ബ്രസീലും. രോഗബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ നാലാമത് തുടരുകയാണ്.
ആഗോള മരണസംഖ്യ 479805
ലോകരാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് ഇതുവരെ 479805 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 123473 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്. മരണസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ബ്രസീലിൽ മരണസംഖ്യ 52,000 കടന്നു. നിലവിൽ 52, 771 പേരാണ് ബ്രസീലിൽ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമതാണെങ്കിലും മരണസംഖ്യയിൽ മൂന്നാമത് നിൽക്കുന്നത് യുകെയാണ്. ഇവിടെ 42,927 പേരാണ് ഇതുവരെ മരണപ്പെട്ടത്.
ബ്രസീലിൽ ഒരു ദിവസം 1300 ലേറെ മരണം
ബ്രിസീലിൽ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,436 പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയ്ക്കിടെ 1,374 പേർ മരിച്ചെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബ്രസീലിൽ ഇതുവരെ 1151,479 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 52,645 ആയും ഉയർന്നു.