കേരളം
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ, ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്താണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ക്കാണ് ജില്ലയില്‍ ഫംഗസ് ബാധ കണ്ടെത്തിയത്. ഇതുവരെ സംസ്ഥാനത്ത് 9 പേരാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
രാജ്യത്ത് ഇതുവരെ 8,800 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. കോവിഡ് അതിതീവ്ര വ്യാപനത്തിനിടെ, ബ്ലാക്ക് ഫംഗസ് ബാധ പടര്‍ന്നുപിടിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കോവിഡില്‍ നിന്ന് മുക്തി നേടിയവരിലാണ് കൂടുതലായി ഫംഗസ് ബാധ കണ്ടുവരുന്നത്. കോവിഡിനെ തുടര്‍ന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയും കൂടിയ അളവില്‍ പ്രമേഹം ഉള്ളവരെയുമാണ് കാര്യമായി ബാധിക്കുന്നത്.ഇവര്‍ വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നാണ് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നത്
അതേ സമയം കോഴിക്കോട് ജില്ലയിൽ മൂന്ന് പേർക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കണ്ണൂര്‍ എടക്കര സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കാരനുമായ ഒരാള്‍ക്കാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായതിനാല്‍ മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡിലാണ് ചികിത്സ തുടരുന്നത്.
ഇതിന് പുറമേ ഞായറാഴ്ച മറ്റൊരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 12 ആയി. ഞായറാഴ്ച സ്വകാര്യ ആശുപത്രിയില്‍ എത്തിയയാള്‍ക്കും രോഗം പിടിപെട്ടു. ഇതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഒരാള്‍ ചികിത്സയിലുണ്ട്. ഇതോടെ കോഴിക്കോട്ട് 16 പേര്‍ ബ്ലാക്ക് ഫംഗസ് ചികിത്സയിലുണ്ട്.