കേരളം
ഓൺലൈൻ ക്ലാസ്; ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ വീണ്ടും വിവര ശേഖരണം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ കാണാന്‍ കഴിയാത്തവരുടെ കണക്ക് വീണ്ടും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നു. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഈ വര്‍ഷം ഒന്നാം ക്ലാസിലും മറ്റു ക്ലാസുകളിലുമായി വന്നുചേരുന്ന വിദ്യാര്ഥികളെക്കൂടി പരിഗണിച്ചുള്ള കണക്കായിരിക്കും ശേഖരിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സമഗ്ര ശിക്ഷ കേരളമാണ് (എസ്.എസ്.കെ) സ്കൂള്‍തലത്തില്‍ വിവരശേഖരണം നടത്തുന്നത്. വിക്ടേഴ്സ് ചാനല്‍ വഴിയോ യൂട്യൂബ് വഴിയോ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്തവരുടെ കുട്ടികളുടെ എണ്ണമാണ് ശേഖരിക്കുന്നത്.
ബി.ആര്.സി തലത്തില്‍ ഹെഡ്മാസ്റ്ററെയും അധ്യാപകരെയും ബന്ധപ്പെട്ടായിരിക്കും ഓരോ സ്കൂളിന്റെയും വിവരങ്ങള്‍ ശേഖരിക്കുക. ബി.ആര്.സികള്‍ ശേഖരിക്കുന്ന കണക്ക് ജില്ലതലത്തില്‍ ക്രോഡീകരിച്ച് ഈ മാസം 27നകം എസ്.എസ്.കെ സംസ്ഥാന ഓഫിസില്‍ ലഭ്യമാക്കാന്‍ ജില്ല പ്രൊജക്ട് കോ ഓഡിനേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആദ്യമായി തുടങ്ങിയ ഡിജിറ്റല്‍ ക്ലാസുകളുടെ മുന്നോടിയായി എസ്.എസ്.കെ നടത്തിയ വിവരശേഖരണത്തില്‍ 2,61,784 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. പഠന സൗകര്യമില്ലാതെ വന്നതോടെ മലപ്പുറം വളാഞ്ചേരിയില്‍ ഒരു വിദ്യാര്‍ഥിനി ജീവനൊടുക്കിയിരുന്നു. ഇതോടെ, സര്‍ക്കാറും സന്നദ്ധ സംഘടനകളും ഇടപെട്ട് ഒരു മാസത്തിലേറെ നീണ്ട ശ്രമത്തിനൊടുവില്‍ മിക്ക വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊരുക്കി. പഠന സൗകര്യമില്ലാത്ത ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കി. മന്ത്രിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യയോഗത്തില്‍ തന്നെ ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ വിവരശേഖരണം വീണ്ടും നടത്താന്‍ വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കുകയായിരുന്നു.