Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിദാംശങ്ങൾ നോക്കാം

Published

on

WhatsApp Image 2021 05 17 at 6.23.46 PM

സംസ്ഥാനത്ത് ഇന്ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നു.
ത്യാഗപൂർണമായ സമരസ്മരണകൾ തുടിക്കുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാർ രക്തസാക്ഷികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ആദ്യപഥികരായ സമുന്നത നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലും പുഷ്പചക്രം അർപ്പിച്ച ശേഷമാണ് കമ്യൂണിസ്റ്റ് പാർടികളിലെ മന്ത്രിമാർ സത്യപ്രതിജ്ഞയ്ക്കെത്തിയത്.

ഇന്നത്തെ കേരളം രൂപപ്പെട്ടതിന് ആധാരമായ സമരമുന്നേറ്റങ്ങളെയാകെ സ്മരിക്കേണ്ട ഘട്ടമാണിത്. ഐക്യകേരളത്തിലെ ആദ്യത്തെ സർക്കാർ സ. ഇ എം എസിൻറെ നേതൃത്വത്തിൽ വന്നപ്പോൾ ജനങ്ങൾ നിറഞ്ഞ പ്രതീക്ഷയോടെയാണ് അതിനെ സ്വീകരിച്ചത്. നാം ഇന്ന് അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന സാമൂഹ്യപുരോഗതിയുടെ അടിത്തറയാണ് കമ്യൂണിസ്റ്റ് പാർടി നയിച്ച സർക്കാർ പാകിയത്.

ആ സർക്കാരിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചില്ല. 1957 മുതൽക്കിങ്ങോട്ട് ഇടതുപക്ഷം നയിച്ച എല്ലാ സർക്കാരുകളും നാടിനുവേണ്ടി നവീനമായ ബദലുകൾ അവതരിപ്പിച്ചു; ജനങ്ങൾക്കു വേണ്ടിയുള്ള ദീർഘകാല നയപരിപാടികൾ ആവിഷ്കരിച്ചു. എന്നാൽ, അവയുടെ തുടർച്ച ഭരണമാറ്റത്തോടെ ഇല്ലാതാകുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്. ആ പശ്ചാത്തലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണ്.

കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ചുവർഷം എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് എൽഡിഎഫ് സർക്കാർ നടത്തിയത്. അതിൻറെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നത്.
ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും അധികാര വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ഇടപെടലും ഇടതുപക്ഷം നയിച്ച സർക്കാരുകളാണ് നടത്തിയത്. ആ അടിത്തറയിൽ നിന്നുകൊണ്ട് കേരള വികസനത്തിൻറെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ചുനിർത്താനുമാണ് കഴിഞ്ഞ അഞ്ചുവർഷം സർക്കാർ പരിശ്രമിച്ചത്.

കാർഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, പശ്ചാത്തല സൗകര്യവികസനം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണം തുടങ്ങിയവ പ്രകടനപത്രികയിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണവും പൊതു സംവിധാനങ്ങളുടെ ഗുണനിലവാരം ഉയർത്തലും പ്രത്യേക അജണ്ടയായി തന്നെ ഏറ്റെടുത്തു. സമ്പദ്ഘടനയിലെ പരിമിത വിഭവങ്ങളെ ഉൽപാദനക്ഷമവും സാമൂഹിക പ്രധാന്യമുള്ളതുമായ പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സർക്കാർ നടപ്പാക്കിയത്. കിഫ്ബിയുടെ രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയേണ്ടതാണ്. ഈ ഇടപെടലുകൾ കേരളത്തിൻറെ വികസനരംഗത്ത് വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. ഓരോ വർഷവും പൂർത്തിയാക്കിയ വാഗ്ദാനങ്ങൾ പ്രോഗ്രസ് റിപ്പോർട്ടായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിനാകെ മാതൃകയായി.

പൊതുമേഖലയെ നഷ്ടക്കണക്കിൻറെ ഇടവേളയിൽനിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്ലൈനും ദേശീയാപാതാ വികസനവും വൈദ്യുതി പ്രസരണപദ്ധതികളും യാഥാർത്ഥ്യമാക്കി. അതോടൊപ്പം വിജ്ഞാനസമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെ-ഫോൺ പോലുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോയി. സ്റ്റാർട്ടപ്പ് മേഖലയിൽ കുതിപ്പുണ്ടാക്കി.

ഓഖിയും നിപയും നമ്മെ വിഷമിപ്പിച്ച ദുരന്തങ്ങളായിരുന്നു. എറ്റവും പ്രയാസം അനുഭവിക്കുന്ന ജനത ഉൾപ്പെടെ അണിചേർന്ന രക്ഷാ മതിലുയർത്തിക്കൊണ്ടാണ് പ്രളയ ദുരന്തത്തെ നാം അതിജീവിച്ചത്. തുടർന്നാണ് കോവിഡ് 19ൻറെ വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുമ്പോട്ടുകൊണ്ടുപോകുന്ന ഘട്ടമാണിത്. ലോക്ക്ഡൗൺ അടക്കമുള്ള പ്രതിരോധ നടപടികളിൽ നാം മുഴുകുമ്പോൾ സ്വാഭാവികമായും ജനജീവിതം താളംതെറ്റും. അവ മറികടക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ നടപ്പിലാക്കിയ പ്രവർത്തനപദ്ധതികൾക്ക് രാജ്യത്ത് ആദ്യമായി രൂപം നൽകാൻ നമുക്ക് കഴിഞ്ഞു. 20000 കോടി രൂപയുടെ പാക്കേജിനും തുടർന്ന് നാട്ടിലെ ഉൽപാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ ഉൾപ്പെടെ പരിഹരിക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾക്കും രൂപം നൽകി.

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ചുനിൽക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിനും സർക്കാർ ശക്തമായി ഇടപെട്ടു. പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിൻറെ പല ഭാഗത്തും വർഗീയ സംഘർഷങ്ങൾ ആളിപ്പടർന്നപ്പോഴും മതസൗഹാർദത്തിൻറെ നാടായി കേരളത്തെ നിലനിർത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായി എന്നതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ഒരു പ്രധാന നേട്ടം.

പ്രകടനപത്രികയിലെ 600ൽ 580 വാഗ്ദാനങ്ങളും നടപ്പിലാക്കിയത് അനേകം പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ്. ഈ നേട്ടങ്ങളെ തമസ്ക്കരിക്കുന്നതിനു പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവെന്ന് നമുക്കറിയാം. ഒരു കാര്യം മാത്രം ഓർക്കേണ്ടതുണ്ട്. ജനങ്ങൾക്ക് താത്പര്യം അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിൻറെ വികസനത്തിലാണ്. അനാവശ്യ സംഘർഷമല്ല, സമാധാനപരമായ ജീവിതമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

അതിന് ആര് സന്നദ്ധമാകുന്നുവോ അവർക്കൊപ്പമായിരിക്കും ജനങ്ങളെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അതിനെ മറികടക്കാൻ ജാതി, വർഗീയ വികാരങ്ങൾ കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിനോടൊപ്പം നിൽക്കാൻ കേരളജനത തയ്യാറാകില്ല.

തുടർഭരണത്തിലേക്ക് വരുമ്പോൾ ഏറ്റവും കൃത്യമായി പറയേണ്ടത് കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളും സർക്കാരും തമ്മിലുണ്ടായ പാരസ്പര്യത്തെക്കുറിച്ചാണ്. ജനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തിലൂടെയാണ് ഓരോ പ്രതിസന്ധികളെയും കേരളം അതിജീവിച്ചത്; ആ പങ്കാളിത്തവും സഹകരണവും തന്നെയാണ് ഇന്നാട്ടിൽ അനന്യമായ വികസനക്കുതിപ്പിന് കാരണമായതും.

പ്രളയകാലത്ത് ഓരോരുത്തരും സ്വയം രക്ഷാദൗത്യമേറ്റെടുത്ത് അപകടകരമായ സാഹചര്യങ്ങളിൽ പോലും ത്യാഗസന്നദ്ധതയോടെ രംഗത്തിറങ്ങുന്നത് നാം കണ്ടു. മത്സ്യത്തൊഴിലാളികളെ കേരളത്തിൻറെ സൈന്യമെന്ന് വിളിക്കാൻ കാരണമായത് അവർ കാണിച്ച ത്യാഗപൂർണമായ രക്ഷാപ്രവർത്തനമാണ്. ജനങ്ങൾ ശ്രദ്ധയോടെയും ജാഗ്രതയോടെയും പ്രതികരിച്ചിരുന്നില്ലെങ്കിൽ നിപ എന്ന അപകടകാരിയായ വൈറസിൻറെ ആക്രമണം നമുക്ക് തടഞ്ഞുനിർത്താൻ കഴിയില്ലായിരുന്നു. കേരളത്തിൻറെ പുരോഗതിക്ക് അടിത്തറ പാകിയ വൻകിട പദ്ധതികൾ സാക്ഷാൽകരിക്കുന്നതിലും ജനങ്ങൾ സർക്കാരിന് പൂർണ പിന്തുണ നൽകി.
ഇപ്പോൾ ഈ കോവിഡ് കാലത്ത് കേരളം മാതൃകാപരമായി വേറിട്ടുനിൽക്കുന്നത് കോവിഡ് പ്രതിരോധം എന്നത് ജനപങ്കാളിത്തമുള്ള ജീവത്തായ ഒരു പ്രക്രിയയായി നാം മാറ്റിയെടുത്തതിലൂടെയാണ്. ജനങ്ങളുടെ സഹകരണമാണ് സർക്കാരിൻറെ കരുത്തായത്. അത് ഇനിയും തുടരുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി തെളിയിക്കുന്നത്. ജനങ്ങളോടൊപ്പമാണ്, ജനങ്ങൾക്കു വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുക.

നമുക്ക് ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കർമ്മപദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ പ്രകടനപത്രികയിൽ വിഭാവനം ചെയ്യുന്നത്. 50 ഇന പ്രധാന പരിപാടിയും അനുബന്ധമായി 900 വാഗ്ദാനങ്ങളുമാണ് ഇതിൽ മുന്നോട്ടുവച്ചിട്ടുള്ളത്. അവ പൂർണ്ണമായും നടപ്പിലാക്കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

സാമൂഹ്യമേഖലകളിലെ പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കും. സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീസുരക്ഷ എന്നിവയെയും കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ്ഘടനയുടെ ഉല്പാദനശേഷി വർധിപ്പിക്കാനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതിക വിദ്യ, നൂതന നൈപുണികൾ, വിജ്ഞാന സമ്പദ്ഘടനയിൽ ലഭ്യമായ നൈപുണികൾ എന്നിവയെ കൃത്യമായി പ്രയോജനപ്പെടുത്തി കൃഷി, അനുബന്ധമേഖലകൾ, നൂതനവ്യവസായം, അടിസ്ഥാന സൗകര്യ വികസനം, വരുമാനോൽപാദന സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്തും.

അടുത്ത അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉൻമൂലനം ചെയ്യും. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യരേഖക്ക് മുകളിൽ കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളർത്താനും പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ യുവാക്കൾക്ക് ആധുനിക സമ്പദ്ഘടനയിൽ ലഭ്യമായ ഏറ്റവും മികച്ച വിദഗ്ദ തൊഴിലുകൾ സൃഷ്ടിക്കും.

അഞ്ചുവർഷം കൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുള്ളതുമായ ഉൽപാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും. അടുത്ത 25 വർഷം കൊണ്ട് കേരളത്തിൻറെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യം. നാടിൻറെ വികസനം അതിൻറെ ലക്ഷ്യം പൂർത്തീകരിക്കുന്നത് എറ്റവും അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങൾ കൂടുതൽ ഉറപ്പുവരുത്തുക എന്നതിന് ഊന്നൽ നൽകും. ഒരാളെയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിക്കുക.

കാർഷിക മേഖലയിൽ ‘ഉൽപാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത’ എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഓരോ വിളയുടെയും ഉൽപാദനം വർധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും. അഞ്ചു വർഷം കൊണ്ട് നെല്ലിൻറെയും പച്ചക്കറിയുടെയും ഉൽപാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ട്. കൃഷി, ജലസേചനം എന്നീ വകുപ്പുകളുടെ ഇടപെടലുകളെ സഹകരണ മേഖലയുമായും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. ശാസ്ത്രീയ കൃഷിരീതികൾ ഏറ്റെടുക്കുന്നതിമ്പദ്ധതി തയ്യാറാക്കും. മൂല്യവർധനവിലും മാർക്കറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്കുള്ള സാധ്യത പ്രയോജനപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കും. നാളികേരത്തിൻറെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. റബ്ബറിൻറെയും മറ്റും മൂല്യവർദ്ധനയ്ക്ക് പോളിമർ സയൻസ് ആൻറ് ടെക്നോളജി അടിസ്ഥാനമാക്കി മികവിൻറെ കേന്ദ്രം രൂപീകരിക്കും.

ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീർത്തട പദ്ധതി എന്നിവ ആവിഷ്കരിച്ച് ആസൂത്രണം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക തണ്ണീർത്തടങ്ങളെ മെച്ചപ്പെടുത്തും. കാരാപ്പുഴ, ബാണാസുര സാഗർ, പഴശ്ശി, ഇടമലയാർ പദ്ധതികൾ 2023-24ഓടെ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികൾ ഒരുക്കുന്നത് പരിഗണിക്കും. ഇത് വേനൽ കാലത്തെ ജലസേചനവും കുടിവെള്ളത്തിൻറെ ലഭ്യതയും ഉറപ്പുവരുത്തും.

കൃഷിയുമായി ബന്ധപ്പെട്ട വകുപ്പുതല അനുബന്ധ സംവിധാനങ്ങൾ പരിഷ്കരിക്കും. കൃഷിഭവനുകളെ സ്മാർട്ട് കൃഷി ഭവനുകളാക്കി കൃഷിക്കാർക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും. കാർഷിക സർവകലാശാലയുടെയും ബന്ധപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെയും ശേഷി പൂർണമായും വിനിയോഗിക്കും.

സംസ്ഥാനത്തെ മുഴുവൻ ഭൂരേഖകളുടെയും സമകാലിക വിവരങ്ങൾ ഉൾച്ചേർക്കാൻ സമയബന്ധിത പദ്ധതി നടപ്പാക്കും. വനഭൂമിയുടെ അതിർത്തികൾ കൃത്യമായി രേഖപ്പെടുത്താൻ ഉപകരിക്കുന്ന വിധത്തിൽ ആ പദ്ധതിയെ സംയോജിപ്പിക്കും. 2025ഓടെ പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിടുന്നു. മാംസം, മുട്ട എന്നിവയുടെ ഉൽപാദനത്തിൽ വരുന്ന അഞ്ചുവർഷം കൊണ്ട് എത്ര വളർച്ച കൈവരിക്കണമെന്ന ലക്ഷ്യത്തോടെ മിഷൻ മോഡിൽ സർക്കാർ പ്രവർത്തിക്കും. ഉൾനാടൻ മത്സ്യക്കൃഷി ഉൽപാദനത്തിലും വിസ്തീർണത്തിലും കൃത്യമായ ലക്ഷ്യംവച്ച് ഇടപെടും. അടുത്ത അഞ്ചു വർഷം കൊണ്ട് സാങ്കേതിക വിദ്യയിലേതുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും.

വ്യവസായ വികസനം ആസൂത്രണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സജീവമാക്കും. നീർത്തടാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നതിനും ഹരിത കേരള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എല്ലാ തലത്തിലും യോജിച്ചു പ്രവർത്തിക്കാനുള്ള സാധ്യത ഒരുക്കും. വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്ങ്, ലോജിസ്റ്റിക്സ്, ഉൾനാടൻ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളർച്ച ഉറപ്പുവരുത്തും.പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കൈത്തറി മുതലായവയുടെ നവീകരണത്തിന് കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ കൂടുതൽ ശക്തിപ്പെടുത്തും. പരമ്പരാഗത വ്യവസായങ്ങൾ നവീകരിച്ച് ഓരോ തൊഴിലാളിക്കും കൂടുതൽ മൂല്യവർധനവ് സാധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ഐടി വകുപ്പ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരളത്തിലെ ഐടി വ്യവസായം എന്നിവ സംയുക്തമായി പ്രത്യേക വെബ് പോർട്ടലിലൂടെ കേരളത്തിൽ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരെയും ഐടി വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ബന്ധിപ്പിക്കും. ഐടി വിദ്യാർഥികളെ പഠിപ്പിക്കാനും അവർക്ക് മാർഗനിർദേശങ്ങൾ നൽകാനും നിലവിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ പ്രയോജനപ്പെടുത്താൻ കഴിയുന്ന മാർഗരേഖ ആറുമാസത്തിനകം തയ്യാറാക്കും. വ്യവസായ മേഖലയുമായി സജീവമായി സഹകരിക്കാൻ ഐടി അധ്യാപകരേയും വകുപ്പുകളേയും സംയുക്ത ഗവേഷണങ്ങളിലൂടെയും മറ്റും പ്രോത്സാഹിപ്പിക്കും.

എല്ലാ ശാസ്ത്ര സാങ്കേതിക കോഴ്സുകളിലും നൂതനത്വത്തെക്കുറിച്ചും സ്റ്റാർട് അപ്പുകളെക്കുറിച്ചും നിർബന്ധ കോഴ്സ് കേരള സ്റ്റാർട് അപ്പ് മിഷനും അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ആരംഭിക്കും.
സംയുക്ത സംരംഭങ്ങളിലൂടെയും സ്വതന്ത്ര നിക്ഷേപങ്ങളിലൂടെയും ഹാർഡ് വെയർ സെക്ടറിലെ നിക്ഷേപം വർധിപ്പിക്കാനുള്ള ഇടപെടൽ നടത്തും. ഹാർഡ് വെയർ ടെസ്റ്റ് ഫെസിലിറ്റി സജ്ജമാക്കാൻ മുൻഗണന നൽകും. മൂന്നു മുതൽ അഞ്ചു വർഷം കൊണ്ട് ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകളെ കണ്ടെത്തി അവിടെ നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും.

വികേന്ദ്രീകൃതമായ തൊഴിലിനും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും (വർക്ക് ഫ്രം ഹോം) ഉള്ള അനേകം അവസരങ്ങൾ ഐടി നൽകുന്നുണ്ട്. ഐടി മേഖലയിലേക്ക് ഉയർന്ന തോതിൽ സ്ത്രീകൾക്ക് കടന്നുവരാൻ സാധ്യത ഇത് തുറന്നുവെക്കുന്നുണ്ട്. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവർക്ക് അനുയോജ്യമായ തൊഴിലുകളുമായി അവരെ ബന്ധിപ്പിക്കുന്നതിനും ഉള്ള പ്രത്യേക പരിപാടികൾ നടപ്പാക്കും.

കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെയും സംസ്ഥാനത്തെ വ്യവസായ പാർക്കുകളുടെയും പൂർത്തീകരണം സാധ്യമാക്കും.

വ്യവസായ ഇടനാഴിക്കനുബന്ധമായി ഹൈ ടെക്നോളജി മാനുഫാക്ചറിങ് അഗ്രോ പ്രൊസസിങ്, ഐടി, ബയോ ടെക്നോളജി, ലൈഫ് സയൻസസ് എന്നീ മേഖലകളിൽ ഉയർന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും.

പെട്രോ കെമിക്കൽസ്, സ്പെഷ്യാലിറ്റി കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, പോളിമേഴ്സ്, ഫൈബർ എന്നിവയുടെ നിർമാണത്തിലേർപ്പെടുന്ന സംരംഭകർക്ക് മികച്ച സാധ്യതകൾ കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിൽ സാധ്യമാക്കും. എഞ്ചിനീറിങ്, പെട്രോ കെമിക്കൽസ്, പോളിമർ ടെക്നോളജി, റബ്ബർ എന്നിവയുമായി ബന്ധപ്പെട്ട വ്യാവസായിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കും.

സ്റ്റാർട്ട്അപ്പുകൾ ആരംഭിക്കുന്നതിനും ഹൈ ടെക്നോളജി സംരംഭത്തിലേർപ്പെടുന്നതിനും വിദ്യാർഥികൾക്കും അധ്യാപകർക്കുംപ്രോത്സാഹനം നൽകും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായി കേരളത്തിലെ അക്കാദമിക ഗവേഷണ സ്ഥാപനങ്ങൾ സഹകരിക്കും.

കേന്ദ്ര സർക്കാരിൻറെ ഉദാവരവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പാക്കപ്പെടുന്ന പ്രധാന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയ – അമിതാധികാര ശക്തികളും ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേശീയതലത്തിൽ നടപ്പാക്കുന്ന നയങ്ങൾക്ക് ബദൽ സമീപനം മുന്നോട്ടുവെയ്ക്കും. പുതിയ സർക്കാർ മുൻഗണന നൽകുന്ന ഒരു പ്രധാന മേഖല ഉന്നതവിദ്യാഭ്യാസം ആയിരിക്കും.

ഓരോ വിജ്ഞാന ശാഖയുടെയും കാര്യക്ഷമത പരിപോഷിപ്പിക്കും. ബിരുദ ബിരുദാനാന്തര വിദ്യാഭ്യാസത്തിനും അക്കാദമിക ഗവേഷണത്തിനുതകുന്ന സമീപനങ്ങൾ സ്വീകരിക്കും. അതിനനുയോജ്യമായ കോഴ്സുകൾ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും അതേ മാതൃകയിലുള്ള ഡിപ്പാർട്ട്മെൻറുകളും ഇതിൻറെ ഭാഗമായി സജ്ജമാക്കും.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന തരത്തിൽ ഭരണപരമായ നിയന്ത്രണങ്ങളിൽ ആവശ്യമായ അയവ് വരുത്തും. പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അധ്യയനം എങ്ങനെ നമ്മുടെ കലാലയങ്ങളിലും സർവകലാശാലകളിലും ആവിഷ്കരിക്കാം എന്നത് സംബന്ധിച്ച് പഠനം നടത്തും. ഓൺലൈൻ കോഴ്സുകൾ വികസിപ്പിച്ചെടുക്കാൻ അന്തർ സർവകലാശാലാ ഗ്രൂപ്പുകളെ സജ്ജമാക്കും.

അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർത്ഥികളുടെ കൈമാറ്റത്തിനുള്ള (എക്സ്ചേഞ്ച്) ശൃംഖല ദേശീയ-അന്താരാഷട്ര തലത്തിൽ തന്നെ വികസിപ്പിച്ചെടുക്കാൻ ഉദ്ദേശിക്കുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരുടെ പൂൾ സജ്ജമാക്കും. ലൈബ്രറികളുടെ നവീകരണം സാധ്യമാക്കും. ഇ-വിഭവങ്ങൾ കാമ്പസുകളും സ്ഥാപനങ്ങളുംപങ്കുവെക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടൽ നടത്തും. ഓരോ സർവകലാശാലയ്ക്കും കലാലയത്തിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും പ്രത്യേക പദ്ധതികളും പരിപാടികളും ആവശ്യകത കണക്കിലെടുത്ത് തയ്യാറാക്കും.

ശാസ്ത്ര-സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖല പ്രത്യേക ശ്രദ്ധയോടെ ശക്തിപ്പെടുത്തും. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കും.
സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ശാസ്ത്രീയ അവബോധവും വളർത്തുന്ന പാഠ്യപദ്ധതികൾ ഉൾപ്പെടുത്തും.

കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലുകൾ നേടിയെടുക്കുന്നതിന് യുവാക്കളെ സജ്ജരാക്കും. ഏറ്റവും ആധുനികമായ ശേഷിവികസന പരിപാടികൾ അവർക്ക് ലഭ്യമാക്കും. ഐടി അധിഷ്ഠിത സേവനങ്ങൾ, ഗതാഗതം, സ്റ്റോറേജ്, വാർത്താവിനിമയം, ബാങ്കിങ്, ഇൻഷുറൻസ്, നിർമാണം, ആരോഗ്യം, മെഡിക്കൽ എക്യുപ്മെൻറ്, ഭഷ്യസംസ്കരണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ കേരളത്തിൽ വലിയ തൊഴിൽ സാധ്യത ഉണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. പുതിയ സാധ്യത ഉയർന്നുവരുന്ന മേഖലകളിൽ സ്ത്രീകൾക്കും യുവാക്കൾക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും ശേഷി വികസനം ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നൽകും. ശേഷി വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും സർക്കാരിന് വലിയ പങ്കു വഹിക്കാനുണ്ട് എന്നാണ് അന്താരാഷട്ര തലത്തിൽ വിജയകരമായിട്ടുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഇത് ഉൾക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുക.

പരിശീലനത്തെ ഇപ്പോഴുള്ള തൊഴിൽ കമ്പോളങ്ങളുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനോടൊപ്പം ഭാവി തൊഴിലുകൾക്ക് അനുസൃതമായ വിധത്തിൽ ശേഷികൾ വികസിപ്പിക്കും. യുവാക്കളുടെ പരിശീലനത്തിൽ അടിസ്ഥാന ശേഷികൾ ഉൾപ്പെടുത്തുകയും നിലവാരമുള്ള അപ്രൻറീസ്ഷിപ് സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാപ്യത വർധിപ്പിക്കുകയും ഔദ്യോഗിക സമ്പദ്ഘടനയിലെ തൊഴിലുകളിൽ ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും സജ്ജരാക്കുകയും ചെയ്യും.

കാര്യക്ഷമമായ ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സംവധാനവും ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയ്നിങ് സംവിധാനവും ഒരുക്കും. ഖരമാലിന്യസംസ്കരണമെന്ന പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അത് ഗൗരവതരമായ ആരോഗ്യ, ശുചിത്വ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കാനിടയാകും. ഈ യാഥാർത്ഥ്യം മുനിർത്തി അഞ്ചുവർഷം കൊണ്ട് മാലിന്യ രഹിത കേരളം യാഥാർത്ഥ്യമാക്കും.

നാട് നിലനിൽക്കുന്നതും ചലിക്കുന്നതും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രയത്നത്തിൻറെ ഭാഗമായാണെന്ന് കണ്ടറിഞ്ഞുകൊണ്ട് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മടങ്ങിവന്ന പ്രവാസികളുൾപ്പെടെ സംരംഭകരാകാൻ സാധ്യതയുള്ള നിരവധിയാളുകൾ കേരളത്തിലുണ്ട്. അവർ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരങ്ങൾ തേടുകയാണ്. സാങ്കേതിക വിദ്യ പഠിക്കാനും ആർജിക്കാനുമുൾപ്പെടെ അവർക്ക് സഹായങ്ങൾ നൽകാനുള്ള വ്യവസ്ഥാപിത മാർഗങ്ങൾ ഒരുക്കും.

സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിന് മുൻഗണ നൽകും. സംസ്ഥാന സർക്കാരിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുടെയും ജൻഡർ ബജറ്റിംഗ് ശക്തിപ്പെടുത്തും. സംസ്ഥാനടിസ്ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കുറയ്ക്കുന്നതിനും ക്രൈം മാപ്പിങ്ങിൻറെ അടിസ്ഥാനത്തിലുള്ള ജനകീയ ഇടപെടലിനും രൂപം നൽകും.

കേരളത്തിൻറെ പൊതുവായ വികസനത്തിൻറെ നേട്ടം വേണ്ടത്ര ലഭിക്കാത്ത പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സവിശേഷ പ്രാധാന്യത്തോടെ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. മുഴുവൻ ഭിന്നശേഷിക്കാർക്കും സഹായോപകരണങ്ങൾ ഉറപ്പുവരുത്തും.

വിപുലമായ വയോജന സർവ്വേ നടത്തി സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രത്യേക സാന്ത്വന പരിചരണ പരിപാടി ആവിഷ്കരിക്കും. സർക്കാർ സർവീസിലെ ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തും. പൊതുമേഖലാ റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും. നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിൻറെ കാവലാളായ മാതൃഭാഷ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തും. പാരിസ്ഥിതിക സൗഹാർദ്ദപരമായ സുസ്ഥിര വികസനമായിരിക്കും സംസ്ഥാന സർക്കാർ സ്വീകരിക്കുക.

കേരളം ഉയർത്തിക്കൊണ്ടുവന്ന നവോത്ഥാനത്തിൻറെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഈ സർക്കാർ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം അനുദിനം മെച്ചപ്പെടുത്തിക്കൊണ്ട് മാത്രമേ അത് സാധ്യമാകൂ. പൊതുമണ്ഡലങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ ഉയർത്തുന്നതിനുള്ള സാംസ്കാരിക മുന്നേറ്റത്തിന് സർക്കാർ നേതൃത്വം നൽകും.

അന്താരാഷ്ട്ര തലത്തിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ നാട്ടിലെ യുവതീ-യുവാക്കൾക്ക് ഈ നാട്ടിൽ തന്നെ തൊഴിലവസരം ഉറപ്പവരുത്താനുള്ള ക്രിയാത്മകമായ നടപടിക്കാണ് ഊന്നൽ നൽകുക. കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കുകയും അത് എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്തമാകുന്ന തരത്തിലുള്ള ജനാധിപത്യ സമൂഹത്തിൻറെ സൃഷ്ടിക്കായിരിക്കും പരിശ്രമിക്കുക. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യപരമായി പുനക്രമീകരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തും. ഈ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രിസഭായോഗം ചില തീരുമാനങ്ങൾ എടുത്തത്.

അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിശദമായ സർവെ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി. പാർപ്പിടമെന്നത് മനുഷ്യൻറെ അവകാശമായി അംഗീകരിച്ച സർക്കാരാണിത്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതേസമയം മറുഭാഗത്ത് ജപ്തി നടപടികളിലൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.

ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമനിർമാണം നടത്തും. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപ്പോർട്ട് പരിശോധിച്ചാകും തുടർനടപടികൾ.

ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഒപ്പം ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതിയും നടപ്പാക്കുമെന്നും വാഗ്ദാനം നൽകിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള മാർഗരേഖ കെ-ഡിസ്ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ ഡിസ്കിനെ ചുമതലപ്പെടുത്തി.

സർക്കാരിൻറെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങൾക്ക് ലഭ്യമാകുന്നതിൽ തടസ്സമുണ്ടാകാൻ പാടില്ല. സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഈ പദ്ധതി നിലവിൽ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധർ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നൽകും. ഇ-ഓഫീസ്, ഇ-ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.

വ്യവസായമേഖലയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ അറിയിക്കാൻ വ്യത്യസ്തങ്ങളായ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്.
അത് ഒഴിവാക്കാൻ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി നിയമപരമായി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. ഈ നിയമത്തിൻറെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു.

സംസ്ഥാനത്തിൻറെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാൻ തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെ നിയമിച്ചു.

മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നിലപാടായിരിക്കും നാം സ്വീകരിക്കുക. സർക്കാരിൻറെ പ്രതിബദ്ധത ഭരണഘടനയോടും ഈ നാട്ടിലെ ജനതയോടുമാണെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ. അതിനായി മുഴുവൻ ജനങ്ങളുടെയും പിന്തുണയും അഭ്യർത്ഥിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം5 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം22 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ