കേരളം
സംസ്ഥാനത്ത് പടരുന്നത് അതിതീവ്ര വ്യാപനമുള്ള വൈറസ് വകഭേദമെന്ന് പഠനം
കേരളത്തിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിന് കാരണം ബി.1.1.617.2 എന്ന ഇന്ത്യന്‍ വകഭേദമെന്ന് ജനിതക പഠനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐജിഐബി) നടത്തിയ പഠനത്തിന്റെതാണ് കണ്ടെത്തല്‍. അതീവ ഗുരുതരമായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ കേരളത്തില്‍ വിരളമാണെന്ന ആശ്വാസകരമായ വിവരവും പഠനം പങ്കുവെക്കുന്നു.
കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ആയിരുന്നു ജനിതക പഠനം. കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദത്തെ ആണ് സാമ്പിളുകളില്‍ ഭൂരിപക്ഷത്തിലും കണ്ടെത്തിയത്.
കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ ശേഖരിച്ച സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തിയപ്പോള്‍ യുകെ വകഭേദം പ്രബലമെന്നാണ് കണ്ടെത്തിയിരുന്നത്. തീവ്രവ്യാപന ശേഷിയില്‍ യുകെ വകഭേദത്തെക്കാള്‍ മുന്നിലാണ് ഇന്ത്യന്‍ വകഭേദം. 9 ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാമ്പിളുകളുടെ ഇപ്പോഴത്തെ ഫലം ഇതിന് മാറ്റം ഉണ്ടായെന്ന് വ്യക്തമാക്കുന്നു.
കേരളത്തില്‍ 7.3% മാത്രമായിരുന്നു ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ ഉണ്ടായിരുന്നത്. ബി.1.1.617 എന്നാണു പേരിട്ടിരുന്ന ഈ വകഭേദത്തിന് കഴിഞ്ഞ മാസം ചില ജനിതകമാറ്റങ്ങള്‍ ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇതിനെ മൂന്നായി തിരിച്ചാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യുകെ വകഭേദം ഇപ്പോഴും പ്രബലമായി കാണുന്നു.