കേരളം
കൊവിഡ് കാലത്ത് ആശ്വാസവുമായി ദിശ 1056
കൊവിഡ് കാലത്ത് സംശയങ്ങൾക്കും സേവനങ്ങൾക്കും മലയാളികളുടെ മനസിൽ പതിഞ്ഞ നമ്പരാണ് ദിശ 1056. ഇനി മുതൽ ദിശയുടെ സേവനങ്ങൾ 104 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തിൽ ഹെൽത്ത് ഹെൽപ്പ് ലൈൻ നമ്പർ ഒരേ നമ്പർ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ വർഷം ജനുവരി 22നാണ് ദിശയെ കൊവിഡ് 19 ഹെൽത്ത് ഹെൽപ്പ് ലൈനാക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹൈൽപ് ലൈനിൽ 10.5 ലക്ഷം കോളുകളാണ് ഇതുവരെ വന്നത്. കൊവിഡ് കാലത്ത് 6.17 ലക്ഷം കോളുകളാണ് വന്നത്. പൊതു വിവരങ്ങൾ, ക്വാറന്റൈൻ, മാനസിക പിന്തുണ, ഡോക്ടർ ഓൺ കോൾ, വാക്‌സിനേഷൻ, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈൻ ലംഘിക്കൽ, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏർളി ചൈൽഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങൾക്കും ദിശയിലേക്ക് വിളിക്കാവുന്നതാണ്.
ഏറ്റവുമധികം കോൾ (85,000) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. രോഗലക്ഷണങ്ങൾ ചോദിച്ച് 45,000 കോളുകളും കോവിഡ് മുൻകരുതലുകളും യാത്രകളും സംബന്ധിച്ച് 69,500 കോളുകളും ഭക്ഷണത്തിനും മറ്റുമായി 10,989 കോളുകളും ടെലി മെഡിസിനായി 45,789 കോളുകളും കൊവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 35,679 കോളുകളുമാണ് വന്നത്. ഏറ്റവുമധികം കോൾ വന്നത് തിരുവനന്തപുരം 1,01,518 ജില്ലയിൽ നിന്നും ഏറ്റവും കുറവ് കോൾ വന്നത് വയനാട് 4562 ജില്ലയിൽ നിന്നുമാണ്. ഇതിൽ 10 ശതമാനം കോളുകൾ കേരളത്തിന് പുറത്ത് നിന്നും വന്നതാണ്. സാധാരണ പ്രതിദിനം 300 മുതൽ 500 വരെ കോളുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ ദിവസങ്ങളിൽ പ്രതിദിനം 3500 കോളുകൾ വരെയാണ് ദിശയിലേക്ക് എത്തുന്നത്.
കേരള ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്നുള്ള സംയുക്ത സംരംഭമായി 2013 മാർച്ചിലാണ് ടെലി മെഡിക്കൽ ഹെൽത്ത് ഹെൽപ് ലൈനായ ദിശ 1056 ആരംഭിച്ചത്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ. തുടക്കത്തിൽ 15 കൗൺസിലർമാരും 6 ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയിൽ കഴിഞ്ഞ കോവിഡ് കാലത്ത് കോളുകളുടെ എണ്ണം കൂടിയതോടെ ഡസ്‌കുകളുടെ എണ്ണം 30 ആക്കി വർദ്ധിപ്പിച്ചു. കോവിഡിന്റെ വ്യാപനം കുറഞ്ഞ സമയത്ത് കോളുകളുടെ എണ്ണം കുറഞ്ഞപ്പോൾ ഡെസ്‌കുകളുടെ എണ്ണം 22 ആക്കി കുറച്ചിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ കോളുകളുടെ എണ്ണം വൻതോതിൽ വർധിച്ചു. അങ്ങനെ ഡെസ്‌കുകളുടെ എണ്ണം 50 ആക്കി വർധിപ്പിച്ചു. 65 ദിശ കൗൺസിലർമാർ, 25 വോളണ്ടിയർമാർ, 5 ഡോക്ടർമാർ, 3 ഫ്‌ളോർ മാനേജർമാർ എന്നിവരാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം 4500 മുതൽ 5000 വരെ കോളുകൾ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് കഴിയും.
യാത്ര സഹായം, ഭക്ഷ്യ വിതരണം, പ്രദേശിക സഹായം എന്നിവയ്ക്കായി വാർഡ് കൗൺസിലർമാർ, പോലീസ്, സപ്ലൈ ഓഫീസർമാർ, കോവിഡ് റിപ്പോർട്ടിംഗിനായും വൈദ്യ സഹായത്തിനായും സംസ്ഥാന, ജില്ലാ കോവിഡ് കൺട്രോൾ റൂമുകൾ, കളക്ടറേറ്റ് കൺട്രോൾ റൂമുകൾ, അതിഥി തൊഴിലാളികൾക്കായി വാർ റൂം, ലേബർ വെൽഫെയർ ഓഫീസർമാർ, എംപാനൽഡ് ഡോക്ടർമാർ, സൈക്യാർട്ടിസ്റ്റുമാർ, കൗൺസിലർമാർ എന്നിവരുമായി ചേർന്നാണ് ദിശ പ്രവർത്തിച്ചു വരുന്നത്.
പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങൾക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ടെലിമെഡിക്കൽ സഹായം നൽകുന്നതിന് ഓൺ ഫ്‌ളോർ ഡോക്ടർമാരും ഓൺലൈൻ എംപാനൽഡ് ഡോക്ടർമാരും അടങ്ങുന്ന ഒരു മൾട്ടിഡിസിപ്ലിനറി ടീമും വിവിധ തലങ്ങളിൽ മാനസികാരോഗ്യ സഹായം നൽകുന്നതിന് സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്.