കേരളം
ക്ഷീര മേഖലയെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് മില്‍മ ചെയര്‍മാന്‍
എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ ക്ഷീര മേഖലയെ (പാല്‍ സംഭരണം, വിപണനം) ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു.
കേരളത്തിലെ 3500ല്‍ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍ നിന്നും മൂന്ന് മേഖല യൂണിയനുകള്‍ വഴി മില്‍മ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം വില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പാല്‍ വില്‍പ്പനയില്‍ സാരമായ കുറവു വന്നിട്ടുണ്ട്.
ഇതു കാരണം സംസ്ഥാനത്ത് പ്രതിദിനം കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാല് ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമാണ്. ഇത്രയും പാല്‍ അന്യസംസ്ഥാനങ്ങളിലെ പാല്‍പ്പൊടി ഫാക്ടറികളില്‍ ദിവസേന അയച്ച് ഭാരിച്ച നഷ്ടം സഹിച്ചും പാല്‍പ്പൊടിയാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ വന്നതോടെ പാല്‍പ്പൊടിയാക്കുന്നതിലും തടസ്സം നേരിടുകയാണ്.
ഈ സാഹചര്യത്തില്‍ പാല്‍ സംഭരണത്തെയും വിതരണത്തെയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നതിന് സാധിക്കാതെ വരും. ഇത് ക്ഷീര കര്‍ഷകരെയും ദുരിതത്തിലാക്കും. അതുകൊണ്ട് ക്ഷീരമേഖലയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും അധികം സംഭരിക്കുന്ന പാല്‍ പൊടിയാക്കുന്നതിന് മേഖല യൂണിയനുകള്‍ക്ക് വരുന്ന അധികം ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും മില്‍മയിലെയും ക്ഷീര സംഘങ്ങളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും കൊവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.