കേരളം
ഗണേഷ് അടക്കം 4പേർ മന്ത്രിസ്ഥാനം പങ്കിടണം; എല്‍ജെഡിക്കു മന്ത്രിസ്ഥാനമില്ല
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടണം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം എന്നാണ് വ്യവസ്ഥ.
കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവി നൽകിയില്ലെങ്കിൽ, മുന്നണിക്ക് പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോനാകും സാധ്യത. അതേസമയം, രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനമില്ല. അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തിലാകും. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിപദത്തിൽ സിപിഎമ്മിൽ ഏകദേശ ധാരണയായി.
അതേസമയം ഇരുപതാം തീയതി നടക്കുന്ന പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ നടക്കുന്നതിനിടെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാനുളള ആലോചന.
പരമാവധി ആളുകളെ ചുരുക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ, മഴ തുടരുകയാണെങ്കിൽ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ മാറ്റുന്നതിനെക്കുറിച്ചും പൊതുഭരണവകുപ്പ് ആലോചിക്കുന്നുണ്ട്. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.