കേരളം
സംസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
സംസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായ തുടരുന്നു. കഴിഞ്ഞ മാസം അവസാനം നടത്തിയ പരിശോധനയിൽ 402 തടവുകാർക്കും ഒരാഴ്ച മുൻപുള്ള പരിശോധനയിൽ 245 പേർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസം തടവുകാർക്ക് വീണ്ടും കൂട്ട പരിശോധന നടത്തി. ഫലം ലഭിച്ചില്ല. ഇതിനു പുറമേ 46 ജയിൽ ഉദ്യോഗസ്ഥരെയും കൊവിഡ് ബാധിച്ചു. പരോളും ഇടക്കാല ജാമ്യവും നൽകി 1214 പേരെ ജയിലിൽ നിന്നു വിട്ടയച്ച ശേഷമുള്ള സ്ഥിതിയാണിത്.
നിലവിൽ 4,000ത്തിലധികം തടവുകാരാണു സംസ്ഥാനത്തെ ജയിലുകളിൽ ഉള്ളത്. സാധാരണ ശിക്ഷാ തടവുകാരും വിചാരണ തടവുകാരും അടക്കം 8000ത്തിലധികം പേർ ജയിലുകളിൽ ഉണ്ടാകും. എന്നാൽ 857 പേരെ 90 ദിവസത്തെ പരോളിൽ ഈ മാസമാദ്യം വിട്ടയച്ചു. 357 വിചാരണത്തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിട്ടു. മടങ്ങിയെത്തേണ്ട സമയം പറഞ്ഞിട്ടില്ല. കൊവിഡ് കാലത്ത് അനാവശ്യ അറസ്റ്റു പാടില്ലെന്ന സുപ്രീം കോടതി വിധി ഉള്ളതിനാൽ പുതിയ തടവുകാരും കുറഞ്ഞു.
കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച 402 പേർ ക്വാറന്റീൻ കഴിഞ്ഞു നെഗറ്റീവ് എന്നു കണക്കാക്കി ജയിലുകളിൽ തുടരുന്നു. ആർക്കും രോഗലക്ഷണം ഇല്ല. ഇപ്പോൾ 1357 പേരെ പരിശോധിച്ചപ്പോഴാണു 245 പേർക്കു കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതിലും ആർക്കും രോഗ ലക്ഷണം ഉണ്ടായില്ല. പരിശോധനയുടെ എണ്ണം വർധിപ്പിച്ചാൽ രോഗികളുടെ എണ്ണവും കൂടുമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് രോഗികളെ ജയിലുകളിൽ പ്രത്യേക ബ്ലോക്കിലാണു പാർപ്പിക്കുന്നത്.
1,850 ജീവനക്കാരാണ് ജയിലുകളിൽ. ഇവരിൽ രണ്ടു ഘട്ടമായി 132 പേർക്കു പരിശോധന നടത്തിയപ്പോൾ 46 പേർ പോസിറ്റീവ് എന്നു കണ്ടെത്തി. ഇടുക്കി ജില്ലാ ജയിൽ സൂപ്രണ്ടും ഇതിൽപ്പെടും. ഏവരും വീട്ടിൽ ക്വാറന്റീനിലാണ്. രണ്ടു ഡോസ് വാക്സിൻ എടുത്തവരാണ് എല്ലാവരും. ആർക്കും രോഗ ലക്ഷണമില്ലായിരുന്നു. പരിശോധന കൂട്ടിയാൽ ജയിൽ പ്രവർത്തനം താളം തെറ്റുമെന്നാണ് അധികൃതരുടെ ഭയം.
ഇപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് ഒരാഴ്ചത്തെ ഡ്യൂട്ടി ഒരുമിച്ചാണു നൽകുന്നത്. ഓഫ്, ലീവ് എന്നിവ നിഷേധിച്ചു. സുരക്ഷ ഒഴികെയുള്ള ജയിലുകളിലെ മറ്റു ജോലികൾ പരമാവധി തടവുകാരെ കൊണ്ടാണു ചെയ്യിപ്പിക്കുന്നത്.