കേരളം
തെക്കൻ ജില്ലകളിൽ രാത്രി തുടങ്ങിയ മഴ തുടരുന്നു, ആലപ്പുഴ കുട്ടനാട് മേഖലയില്‍ വെളളംകയറി; തുറമുഖത്തടുത്തത് ആറ് കപ്പലുകൾ
സംസ്ഥാനത്ത് വിവിധ മേഘലകളിൽ അതിതീവ്ര മഴ തുടരുകയാണ്. തെക്കൻ ജില്ലകളിൽ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ആലപ്പുഴ കുട്ടനാട് മേഖലകളിൽ പലയിടങ്ങളിലും വെള്ളം കേറിയ നിലയിലാണ്. കൊല്ലം ആലപ്പാട് പരവൂര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരത്ത് കരമനയാറും കിളളിയാറും കരകവിഞ്ഞു. ധര്‍മമുടമ്പ്, കാലടി പ്രദേശങ്ങളില്‍ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം ശക്തമായ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആറ് കപ്പലുകളാണ് തുറമുഖത്തടുപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയുണ്ടാകുമെന്നാണ് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു.ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലുംപരിസരങ്ങളിലും കഴിഞ്ഞ ദിവസം വെളളം കയറിയിരുന്നു.
തിരുവനന്തപുരം പൊഴിയൂരിലും കടലാക്രമണം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയിൽ ഭാഗങ്ങളിലും കടൽക്ഷോഭം ശക്തമാണ്. മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കേണ്ടി വരും. കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്.