കേരളം
സംസ്ഥാനത്ത് 12 ദിവസത്തിനിടെ മരിച്ചത് 745 പേർ; ലോക്ക്ഡൗണ്‍ നീട്ടാൻ നീക്കം
കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ഒന്‍പതു ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ഇതു സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്, അവസാനപടിയെന്ന നിലയില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ ഏതാനും ദിവസം കൂടി ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇതു കണക്കിലെടുത്ത് നാളെയോ മറ്റന്നാളോ സര്‍ക്കാര്‍ തീരുമാനമെടുക്കും.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
ലോക്ക്ഡൗണില്‍ ഏതാനും ദിവസം കൊണ്ട് കേസുകള്‍ കുറയുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏറ്റവും ഉയർന്ന പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിററിവിറ്റി നിരക്കുമാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കൊവിഡിനു കീഴടങ്ങി. 21 ദിനംകൊണ്ട് 1054 ജീവന്‍ പൊലിഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച വാരാന്ത്യ ലോക്ക്ഡൗണും മിനി ലോക്ക്ഡൗണുമൊന്നും ഫലം കണ്ടില്ല. എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ,തൃശൂര്‍ ജില്ലകളിലാണ് കൊവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്. സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായിലേയ്ക്ക് നീങ്ങുകയാണെന്നും ലോക്ക്ഡൗണ്‍ തുടരണമെന്നുമാണ് വിലയിരുത്തല്‍. ഓക്സിജന്‍ പാഴാക്കുന്നത് തടയാന്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആര്‍ക്കും ഓക്സിജന്‍ നൽകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം നല്കി.
കാറ്റും മഴയും അതിശക്തമാകാന്‍ സാധ്യതയുളളതിനാല്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് വൈദ്യുതി തകരാര്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.