കേരളം
ജനിതക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി
ജനിതക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടന്റെ വകഭേദത്തിന് മാത്രമാണ് അൽപ്പമെങ്കിലും വാക്സിനെ ചെറുക്കാൻ കഴിവുള്ളത്. ബാക്കി എല്ലാത്തരം വൈറസ് വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
3,68,840 ഡോസ് വാക്സിനാണ് നമ്മുടെ കൈയിൽ ആകെയുള്ളത്. ഇതിനാലാണ് കേന്ദ്രത്തോട് അൻപത് ലക്ഷം ഡോസ് വാക്സിൻ ഉടനെ ആവശ്യപ്പെടുന്നത്. പുതിയ വാക്സിൻ പോളിസി കേന്ദ്രം നടപ്പാക്കും മുൻപേ നമ്മൾ അക്കാര്യം ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കാനാവൂ. ആവശ്യത്തിന് വാക്സിൻ സ്റ്റോക്ക് ഇല്ലാതെ ബുക്കിംഗ് എടുക്കാനാവില്ല. നിലവിൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ പറ്റുന്നത്.
അങ്ങനെ ഷെഡ്യൂൾ ചെയ്താൽ തന്നെ വാക്സിൻ ബുക്കിംഗ് പെട്ടെന്ന് തീരുന്ന അവസ്ഥയാണ്. ഇപ്പോൾ വാക്സിനേഷന് ബുക്ക് ചെയ്യുന്നവർക്ക് അപ്പോയിൻമെന്റ് കിട്ടാത്തതിന് കാരണം വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലാണ്. നിലവിലുള്ള സാഹചര്യത്തിന്റെ ഗൗരവം ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.