കേരളം
കേരളത്തിൽ വീണ്ടും ലോക്ഡൗണിലേക്കോ…; വിദഗ്ധ സമിതിയുടെ തീരുമാനം ഉടൻ
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ശുപാർശയിൽ ഉടൻ തീരുമാനം ഉണ്ടാകും. ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ 11.30നു ആരംഭിച്ച സർവകക്ഷി യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക. ലോക്ഡൗൺ ആവശ്യമില്ലെന്നും കർശന നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇടതു മുന്നണിയും സർക്കാരും.
പ്രതിപക്ഷവും ഇതിനോടു യോജിക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇന്നലെ രാത്രി ചേർന്ന കൊവിഡ് വിദഗ്ധ സമിതിയുടെ യോഗത്തിൽ രണ്ട് ആഴ്ച ലോക്ഡൗൺ വേണമെന്ന നിർദേശം ഉണ്ടായി. കൊറോണ വൈറസിന്റെ യുകെ വകഭേദം വേഗത്തിൽ പടരുകയാണിപ്പോൾ.അന്തർസംസ്ഥാന യാത്രക്കാരുടെ വരവു ശക്തമാകുന്നതോടെ മഹാരാഷ്ട്രയിൽ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിൽ എത്തും.
ഇതിന്റെ പകർച്ച ചെറുക്കണമെങ്കിൽ 2 ആഴ്ചയെങ്കിലും ആളുകൾ തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ഡൗൺ വേണമെന്നാണു വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോൾ ലോക്ഡൗൺ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടെങ്കിലും സർക്കാരുകൾ അംഗീകരിച്ചില്ല.
ഇതിന്റെ ദുരന്തമാണു ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കൊവിഡ് വിദഗ്ധ സമിതിയിൽ ചിലർ കണക്കുകൾ സഹിതം അവതരിപ്പിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ഡൗൺ വേണ്ടെന്ന നിലപാടിൽ സർക്കാരിന് അയവു വന്നിട്ടുണ്ട്.എന്നാൽ സർക്കാർ മാത്രമായി തീരുമാനിക്കേണ്ടെന്നും സർവകക്ഷി യോഗത്തിനു വിടാമെന്നുമാണു ധാരണ.