ദേശീയം
കൊവിഡ് വ്യാപനം രൂക്ഷം; ഓക്സിജൻ വില കുത്തനെ കൂട്ടി നിർമ്മാണ കമ്പനികൾ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ വില കുത്തനെ കൂട്ടി മെഡിക്കല്‍ ഓക്സിജന്‍ നിർമ്മാണ കമ്പനികൾ. രോഗികളുടെ എണ്ണം ഉയർന്നതോടെയുള്ള ഉപയോഗ സാധ്യത മുൻകൂട്ടി കണ്ടാണ് കമ്പനികളുടെ നീക്കം.
ഒരാഴ്ച മുമ്പ് വരെ സംസ്ഥാനത്ത് ഒരു ക്യൂബിക് ഓക്സിജന് 11.50 രൂപയായിരുന്നു വിലയെങ്കില്‍ ഇന്നിപ്പോള്‍ 17 രൂപയാണ്. ഒരാഴ്ചയ്ക്കിടെ 50 ശതമാനമാണ് വിലവര്‍ധന. വരും ദിവസങ്ങളില്‍ ആവശ്യം ഉയരുമെന്നതിന്റെ അടിസ്ഥാനത്തില്‍ വിലയില്‍ ഇനിയും വർധനവുണ്ടാകാനാണ് സാധ്യത. സർക്കാർ ഇടപെട്ട് വില വർധന തടയണമെന്നാണ് ആവശ്യം ഉയരുന്നത്.
സംസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളിലേക്കും ഓക്സിജന്‍ വിതരണം ചെയ്യുന്നത് കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്‌സിജന്‍ ഉൽപ്പാദകരാണിവര്‍. ഓക്‌സിജന്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വെള്ളവും വൈദ്യുതിയുമാണ്.
കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടില്‍ നിന്ന് കിന്‍ഫ്ര മുഖേനയാണ് നല്‍കുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിയും. ഇവ രണ്ടിനും സര്‍ക്കാര്‍ വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തിലാണ് ഈ വിലവര്‍ധനവ്.