കേരളം
കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി
കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇന്നു മുതല്‍ 144 പ്രഖ്യാപിക്കാം. ഇഫ്താര്‍ വിരുന്നുകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇനിയൊരുത്തരവുണ്ടാകുംവരെ ഇതിന് പ്രാബല്യമുണ്ടാകും. എ.സി. ഉള്ള സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കണം.
ബസുകളിൽ ആളുകള്‍ നിന്നു യാത്രചെയ്യുന്നത് ഒഴിവാക്കണം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവിൽ സപ്ലൈയ്സും മില്‍മയും ചേർന്ന് ഹോം ഡെലിവറി സംവിധാനം ഒരുക്കും. എല്ലാ ആശുപത്രികളിലും ഐസിയു സംവിധാനം ശക്തിപ്പെടുത്താനും , ഓക്സിജന്റേയും ആന്റിവൈറല്‍ മരുന്നുകളുടേയും ലഭ്യത ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ ആര് ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കൂടുതല്‍ മൊബൈൽ ലാബുകളും സജ്ജമാക്കും. സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് മൊബൈൽ ലാബുകള്‍ തയ്യാറാക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താൻ ആന്റിജൻ പരിശോധനയും വ്യാപിപ്പിക്കും. രോഗമുള്ളവരെ വളരെ വേഗത്തില്‍ കണ്ടെത്തി രോഗ വ്യാപനമുണ്ടാക്കാതെ നിരീക്ഷണത്തിലാക്കാനാണ് വ്യാപക പരിശോധന.