കേരളം
രാജ്യസഭ തിരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം;പ്രതിപ്രകാരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
സംസ്ഥാനത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഈ മാസം 21ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
രാജ്യസഭാംഗങ്ങളുടെ ഒഴിവ് നികത്താത്തത് സഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നുളളതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഥമ പരിഗണനാ വിഷയമെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.
ഏത് നിയമസഭയിലെ അംഗങ്ങള്‍ മുഖേന തിരഞ്ഞെടുപ്പ് നടത്തണം എന്നുളളത് പ്രധാന ഘടകം അല്ല. കേരളത്തിലേതിന് സമാനമായ സാഹചര്യത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് നിയമത്തില്‍ വ്യക്തതയില്ല.
കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തു. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ നിലവിലെ നിയമസഭാംഗങ്ങള്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ഉചിതമാകില്ലെന്ന് നിയമ മന്ത്രാലയം ശുപാര്‍ശയില്‍ പറഞ്ഞു.
പുതിയ നിയമസഭയിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ യഥാര്‍ത്ഥ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും നിയമമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശവും ലഭിച്ചു. എന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.