കേരളം
കൊട്ടിക്കലാശമില്ല പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ആവേശം കൂട്ടാന്‍ മുന്നണികള്‍
മൂന്നാഴ്ചയോളം നീണ്ട തീപാറും പോരാട്ടത്തിൻറെ പരസ്യപ്രചാരണം ഇന്നു അവസാനിക്കും. ഇന്ന് രാത്രി ഏഴു വരെ പരസ്യപ്രചാരണം നടത്താം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പരസ്യപ്രചാരണം വൈകുന്നേരം ആറിനു അവസാനിപ്പിക്കണം.
കോവിഡ് മാനദണ്ഡത്തിൻറെ അടിസ്ഥാനത്തിൽ കൊട്ടിക്കലാശം നിരോധിച്ചിരുന്നു. പരമാവധി വോട്ടർമാരെ നേരിട്ടു കണ്ടു വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. സിനിമാതാരങ്ങളെ അടക്കം പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ ഇന്ന് റോഡ് ഷോ.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണത്തിനായി ഇന്നു സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്. മലബാറിലും, നേമത്തും രാഹുൽ ഗാന്ധിയെത്തും. പ്രമുഖ നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന റോഡ് ഷോകളിൽ പങ്കെടുക്കും.
ബൈക്ക് റാലികൾ ഒഴിവാക്കിയാണ് റോഡ് ഷോകൾ. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ്.