കേരളം
ഭൂമിയേറ്റെടുക്കല്‍: വ്യവസ്ഥകള്‍ കര്‍ശനമാക്കാനൊരുങ്ങി നഗരസഭ
വ്യാവസായികമായ ആവശ്യങ്ങള്‍ക്ക് അടക്കം ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ നഗരസഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിന് മുമ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശമാണോ, തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നഗരസഭ തീരുമാനിച്ചു.
ഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുമ്ബോള്‍ ഈ രണ്ട് കാര്യങ്ങളും ലംഘിക്കപ്പെട്ടില്ലെന്ന വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടി വരും. പ്രധാനമായും വീട് നിര്‍മ്മാണ പദ്ധതികള്‍ക്കായാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഭൂമി ഏറ്റെടുക്കുന്നത്.
നേരത്തെ പല തദ്ദേശ സ്ഥാപനങ്ങളും ഭൂമി ഏറ്റെടുക്കലിന് അനുമതി തേടിക്കൊണ്ട് കൃത്യതയില്ലാത്ത വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് നിബന്ധനകള്‍ കര്‍ശനമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. വ്യക്തതയില്ലാത്തതും സുതാര്യമല്ലാത്തതുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുകയും അത് ഭൂമിയുടെ വില വര്‍ദ്ധനയ്ക്ക് ഇടയാക്കുകയും ചെയ്തു. ഇതിനൊപ്പം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടാക്കി.
ഇനി മുതല്‍ ഭൂമി ഏറ്റെടുക്കലിന് അപേക്ഷ നല്കുമ്പോള് പുതിയ ഫോര്‍മാറ്റില്‍ വേണം അപേക്ഷിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം പരിസ്ഥിതി ലോല പ്രദേശമോ തീരദേശ പരിപാലന മേഖലയില്‍ പെടുന്നതോ ആയ ഭൂമിയല്ലെന്നതടക്കമുള്ള പ്രധാനപ്പെട്ട രേഖകളും ഹാജരാക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ ആവശ്യകത, ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അംഗീകാരം, ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏകദേശ ചെലവ്, തുകയുടെ ഉറവിടം, ഭൂമിയുടെ സ്വഭാവം, ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവ കൃത്യമായി ഹാജരാക്കണം.