കേരളം
പോസ്റ്റൽ വോട്ടെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ തുടക്കം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലെ പോസ്റ്റൽ വോട്ട് ചെയ്ത ബാലറ്റു പേപ്പറുകളുമായി തിരുവനന്തപുരം സ്‌പെഷൽ തഹസിൽദാർ ഓഫിസിൽ നിന്ന് സ്ട്രോങ് റൂമിലേയ്ക്കു കൊണ്ടു പോകുന്ന ഉദ്യോഗസ്ഥ. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വോട്ടെടുപ്പിൽ ഈ ബൂത്തിൽ 296 വോട്ടാണുള്ളത്. ആദ്യദിനം 104 പേർ വോട്ടു ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോട്ടെടുപ്പിനു ജില്ലയിൽ തുടക്കമായി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലുമായി സജ്ജീകരിച്ച സ്‌പെഷൽ പോസ്റ്റൽ വോട്ടിങ് സെന്ററുകളിലാണു വോട്ടെടുപ്പ് നടക്കുന്നത്. നാളെ വൈകിട്ട് 5ന് ഈ വിഭാഗത്തിലുള്ളവരുടെ പോസ്റ്റൽ വോട്ടെടുപ്പ് അവസാനിക്കും. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവരും വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 6ന് ഡ്യൂട്ടിയിലുള്ളവരുമായ ജീവനക്കാർക്കായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കുറി പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയത്.
ഇതിനായി അപേക്ഷ നൽകിയവരിൽ അർഹരായവരായ സമ്മതിദായകർക്ക് ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ നവ്‌ജ്യോത് ഖോസ പറഞ്ഞു.
പോസ്റ്റൽ ബാലറ്റിനു വേണ്ടി നൽകിയ അപേക്ഷകൾ അതതു വരണാധികാരികൾ പരിശോധിച്ച് അർഹരായവരെ എസ്എംഎസ് മുഖേനയോ ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫിസർ മുഖേനയോ ബിഎൽഒ മുഖേനയോ തപാൽ വോട്ട് രേഖപ്പെടുത്തേണ്ട ദിവസവും സമയവും പോസ്റ്റൽ വോട്ടിങ് സെന്റർ സംബന്ധിച്ച വിവരങ്ങളും അറിയിക്കും. ഇത്തരത്തിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ.