കേരളം
പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് എ കെ ആന്റണി
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷം തുടർന്നത് പിടിവാശിയായിരുന്നുവെന്നും തുടർഭരണമുണ്ടായാൽ പിബിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നും എകെ ആന്റണി.ബംഗാളിൽ സിപിഎം മ്യൂസിയത്തിൽ മാത്രമാണെന്നും മാർക്സിസ്റ്റ് പാർട്ടിക്കുണ്ടായ അപചയം അവർ തന്നെയുണ്ടാക്കിയതാണെന്നും ആരോപിച്ച ആന്റണി ബംഗാളിൽ സിപിഎം തകരാനുള്ള കാരണം അവരുടെ അഴിഞ്ഞാട്ടമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി രീതികൾ മയപ്പെടുത്തി. എൻഎസ് എസ് വിമർശനത്തിൽ പിണറായി മാധ്യമങ്ങളെ പഴിചാരുകയാണ്. ശബരിമല യുവതി പ്രവേശനത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് ഒരു മന്ത്രി പറയുന്നു.
അതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ആന്റണി കുറ്റപ്പെടുത്തി. കേരളത്തിൽ കോൺഗ്രസിന്റെ നേതാവ് കെപിസിസി പ്രസിഡന്റാണെന്ന് ആവർത്തിച്ച ആന്റണി കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വ്യക്തമാക്കി. യുഡിഎഫിൽ തികഞ്ഞ പ്രതീക്ഷയുണ്ട്.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഇപ്പോൾ നേതാവായി കാണുന്നില്ല. കേരളത്തിൽ കൂടുതൽ മികച്ച വിജയത്തിന് കൂട്ടായ പ്രവർത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അത് കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാതിരുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു.