ആരോഗ്യം
ലോക്ക് ഡൌൺ പ്രഖ്യാപനത്തിന് ഇന്ന് ഒരുവയസ്
മഹാമാരിയെ പടിക്കുപുറത്തു നിര്‍ത്താന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കോവിഡ് രണ്ടാം വ്യാപനത്തില്‍ വീണ്ടും ഒരു അടച്ചിടലിലേയ്ക്ക് പോകുമോയെന്ന ആശങ്കകള്‍ വ്യാപകമാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതിരോധത്തിന് ലോക്ഡൗണ്‍ അനിവാര്യമായിരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അപ്രതീക്ഷിതമായിരുന്നു ആ പ്രഖ്യാപനം. രാജ്യം ഒറ്റയടിക്ക് നിശ്ചലമായി. വലിയവനെന്നോ ചെറിയവനെന്നോ വേര്‍തിരിവില്ലാതെ എല്ലാവരും വീട്ടിലടയ്ക്കപ്പെട്ടു. രാപ്പകലില്ലാതെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന രാജ്യത്തെ നിരത്തുകള്‍ നിശ്ചലമായി. ലോക്ക് ഡൗണിന്റെ പ്രധാന ഇരകള്‍ അതിഥി തൊഴിലാളികളും പ്രവാസികളുമായിരുന്നു. ജീവന്റെ തുരുത്ത് തേടി നാട്ടിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളികളില്‍ പലരും റോഡില്‍ മരിച്ചു വീണു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ നാട്ടിലെത്താന്‍ കഴിയാതെ വലഞ്ഞു. ലോക്ക് ഡൗണിലേക്ക് കടക്കുമ്പോള്‍ സ്വീകരിക്കേണ്ടിയിരുന്ന മുന്‍കരുതലും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതിലുള്ള പരാജയവും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപ്പോക്കിയതെല്ലാം തകര്‍ന്നടിയുന്നത് ലോക്ക്ഡൗണ്‍ കാണിച്ചുതന്നു. അടച്ചുപൂട്ടലില്‍ നിന്ന് രാജ്യം പുറത്തുകടന്നെങ്കിലും സാധാരണജീവിതത്തിലേക്ക് തിരികെയെത്താന്‍ ഇനിയും സമയമെടുക്കും
ഇതിനിടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12.47 കോടി കടന്നു. 124,775,686 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 2,745,146 പേർ ഇതുവരെ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 100,694,899 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 472,602 പേർക്കാണ് കൊവിഡ് ബാധിച്ചത്. 9,969 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 21,335,641 പേർ വൈറസ് ബാധിതരായി ചികിത്സയിലുണ്ട്. ഇതിൽ 91,302 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തിൽ 21 രാജ്യങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകളെ കോവിഡ് ബാധിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.