കേരളം
SSLC പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അവസരം
എസ്എസ്എൽസി പരീക്ഷ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എഴുതാൻ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പരീക്ഷകള്‍ സൗകര്യപ്രദമായ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്.
മാര്‍ച്ച് 17ന് വൈകുന്നേരം അഞ്ച് മണിവരെയാണ് സമയം. ഈ അവസരം ഗള്‍ഫ്, ലക്ഷദ്വീപ്, മറ്റ് അടിയന്തിരഘട്ടങ്ങളില്‍ മറ്റ് ജില്ലകളില്‍പെട്ടുപോയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള ഷെല്‍റ്റര്‍ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും മറ്റ് ജില്ലകളില്‍ അടിയന്തിരഘട്ടങ്ങളില്‍ പെട്ടുപോയിട്ടുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്കാണ്.ജില്ലയ്ക്ക് അകത്ത് പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. https://sslcexam.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു . റമദാന്‍ ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പരീക്ഷ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമദാന്‍ കാലത്ത് പകല്‍ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ 30 അവസാനിക്കേണ്ട പ്ലസ് ടു പരീക്ഷ 26ന് ആണ് നടക്കുക.
ഏപ്രില്‍ 15 മുതല്‍ നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. 15ന് നടക്കേണ്ട എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്ക് മാറ്റി. 27 ന് നടക്കേണ്ട കണക്കു പരീക്ഷ 19 ലേക്കും അന്നേ ദിവസത്തെ മലയാളം സെക്കന്റ് 29 ലേക്കും മാറ്റി. ഫിസിക്‌സ് 15നും, കെമിസ്ട്രി 21 നുമാണ് നടക്കുക.അതേസമയം ഹയര്‍ സെക്കന്റഡറി പരീക്ഷ 26 ന് അവസാനിക്കും. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകള്‍ രാവിലെയാണ് നടക്കുക. ജെഇഇ പരീക്ഷകള്‍ നടക്കേണ്ട സാഹചര്യത്തിലാണ് സമയക്രമത്തില്‍ മാറ്റം.