കേരളം
സസ്പെൻസ് നിലനിർത്തി കോൺഗ്രസ്; കരുത്തുറ്റ പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി
മത്സരിക്കുന്ന 91 മണ്ഡലങ്ങളിൽ നേമം അടക്കം പത്തെണ്ണം ഒഴിച്ചിട്ട്, സ്ഥാനാർഥി നിർണയത്തിൽ സസ്പെൻസ് നിലനിർത്തി കോൺഗ്രസ്. അപ്രതീക്ഷിത സ്ഥാനാർഥികളടക്കമുള്ള കരുത്തുറ്റ പട്ടികയായിരിക്കും നാളെ പ്രഖ്യാപിക്കുകയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വൻ താരപ്പൊലിമയോടെ നേമത്ത് അവതരിപ്പിക്കാനുള്ള അണിയറ നീക്കങ്ങളുടെ ഭാഗമായാണ് അവിടുത്തെ സ്ഥാനാർഥിത്വം കോൺഗ്രസ് പ്രഖ്യാപിക്കാത്തതെന്ന സൂചന ശക്തം.
പുതുപ്പള്ളിയിൽ നിലവിൽ ഉമ്മൻ ചാണ്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നേമം ഒഴിച്ചിട്ടത് അദ്ദേഹം അവിടേക്കു മാറിയേക്കുമെന്നതിന്റെ സൂചനയാണ്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു പകരം ഉചിത സ്ഥാനാർഥിയെ കണ്ടെത്താനായാൽ അദ്ദേഹത്തെ നേമത്തേക്കു മാറ്റിയേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നേമത്തിന്റെ കാര്യത്തിൽ ഉചിത തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.
അതേസമയം, ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കി നേമത്തിന് ഇത്രയുമധികം പ്രാധാന്യം നൽകേണ്ടതുണ്ടോ എന്ന ചിന്തയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. നേമത്ത് മത്സരിച്ചാൽ സിപിഎമ്മും ബിജെപിയും ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നിക്കുമെന്നും മറ്റിടങ്ങളിൽ പ്രചാരണം നടത്താൻ കഴിയാത്ത വിധം അദ്ദേഹത്തിന് അവിടെ നിൽക്കേണ്ടി വരുമെന്നുമുള്ള ആശങ്കയുമുണ്ട്.
ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നു നാട്ടിലേക്കു മടങ്ങുമെങ്കിലും ഡൽഹിയിൽ തുടരുന്ന മുല്ലപ്പള്ളി ദേശീയ നേതൃത്വവുമായി കൂടിയാലോചനകൾ തുടരും. തീരുമാനമാകാത്ത മണ്ഡലങ്ങളിലേക്ക് അന്തിമമായി പരിഗണിക്കേണ്ടവരുടെ പേരുകൾ ഗ്രൂപ്പ് നേതാക്കൾ ഇന്നു കൈമാറും. കെ. ബാബുവിനായി ഉമ്മൻ ചാണ്ടി വാദിക്കുന്നതിനാൽ തൃപ്പൂണിത്തുറയിൽ തീരുമാനമായില്ല. ബാബുവിനു പകരം നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണിയുടെ പേരും പരിഗണനയിലുണ്ട്.
ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് ആറിനു കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നാണ് 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ അംഗീകരിച്ചത്. രാഹുൽ ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനമാകാത്ത മണ്ഡലങ്ങളിൽ പരിഗണനയിലുള്ളവർ
∙ നിലമ്പൂർ – ടി. സിദ്ദിഖ്, വി.വി. പ്രകാശ്.
∙ കൽപറ്റ – സജീവ് ജോസഫ്, പി.ഡി. സജി, കെ.സി. റോസക്കുട്ടി.
∙ പട്ടാമ്പി – ടി. സിദ്ദിഖ്, കെ.എസ്.ബി.എ. തങ്ങൾ.
∙ ആറൻമുള – രാഹുൽ മാങ്കൂട്ടം, ശിവദാസൻ നായർ, പി. മോഹൻരാജ്.
∙ തൃപ്പൂണിത്തുറ – കെ. ബാബു, വേണു രാജാമണി.
∙ കൊല്ലം – പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ.
∙ കുണ്ടറ – ബിന്ദു കൃഷ്ണ (അവിടേക്കില്ലെന്നും കൊല്ലം വേണമെന്നും ബിന്ദു).