കേരളം
തെരഞ്ഞെടുപ്പ്: സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക നിരീക്ഷകർ കേരളത്തിൽ
നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രത്യേക നിരീക്ഷകർ സംസ്ഥാനത്ത് എത്തി. മൂന്ന് പ്രത്യേക നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
ജില്ലാ തലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ചവർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. പ്രത്യേക പോലീസ് നിരീക്ഷകനും പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകനും ചേർന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉൾപ്പടെ വിലയിരുത്തുക.
മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകൻ. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനായിരുന്ന പുഷ്പീന്ദർ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്.
പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനുമാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ഇരുവരും ചർച്ച നടത്തി.
സ്ഥിതിഗതികൾ വിലയിരുത്താൻ വിവിധ ജില്ലകൾ നിരീക്ഷകർ സന്ദർശിക്കും. ആദ്യഘട്ടത്തിൽ ഇവർ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാകും സന്ദർശിക്കുക. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.