കേരളം
ട്വന്‍റി20 അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വന്‍റി 20 ഉപദേശക സമിതി രൂപീകരിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അധ്യക്ഷനായ ഏഴംഗ ഉപദേശക സമിതിയിൽ നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ധിഖും അംഗങ്ങളാവും.
‘നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും’ എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ട്വന്‍റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. സംവരണ മണ്ഡലമായ കുന്നത്തുനാട്ടിൽ കോണ്‍ഗ്രസിന്‍റെ വി. പി. സജീന്ദ്രനാണ് നിലവിലെ എം എൽ എ. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക.
കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി. ജെ. ജോസഫിന്‍റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ മൂവാറ്റുപുഴയിൽ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും നിലവിൽ പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് നിലവിൽ ട്വന്‍റി 20-യിൽ ഉള്ളത്. കഴിഞ്ഞ മാസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇവര്‍ അംഗത്വ ക്യാംപെയ്ൻ നടത്തിയിരുന്നു. ഒന്നേകാൽ ലക്ഷം പേര്‍ അംഗത്വ ക്യാംപെയ്ന്‍റെ ആദ്യത്തെ രണ്ട് ദിവസത്തിൽ തന്നെ സംഘടനയിൽ ചേര്‍ന്നുവെന്നാണ് ട്വന്‍റി 20 ഭാരവാഹികൾ അവകാശപ്പെടുന്നത്. കൂടുതൽ ആളുകൾ അംഗത്വം നേടിയ മണ്ഡലങ്ങളിലാണ് നിലവിൽ സംഘടന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എറണാകുളത്തെ മൂന്നോ നാലോ മണ്ഡലങ്ങളിൽ കൂടി മത്സരിക്കാൻ സാധ്യതയുണ്ട് എന്നാണ് സൂചന.
നിയമസഭ തിരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. ട്വന്റി-ട്വന്റിയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് ശ്രീനിവാസന്‍ പറയുന്നു. കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി. അതിനാലാണ് താന്‍ പിന്തുണ നല്‍കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പിയിലാണ്. അവര്‍ ആ പാര്‍ട്ടിവിട്ട് ട്വന്റി-ട്വന്റിക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.