കേരളം
സംസ്ഥാന സർക്കാരിന് തിരിച്ചടി; താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു
സംസ്ഥാന സർക്കാരിന് തിരിച്ചടി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിൻ്റെ ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു.
ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങൾ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വർഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.
വിവിധ സർക്കാർ അർദ്ധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകളാണ് മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഈ ഉത്തരവ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പി എസ് സി റാങ്ക് ഹോൾഡേഴ്സ് സമർപ്പിച്ച ഹർജി ഫയൽ സ്വീകരിച്ച് വിവിധ വകുപ്പുകൾക്ക് നോട്ടീസ് അയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തൽ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പിഎസ് സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്.
കില,കെൽട്രോൺ,ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മീഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തിയതി നെതിരെയാണ് ഹർജി സമർപ്പിച്ചത്.