ആരോഗ്യം
രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍; 60 വയസ് പിന്നിട്ടവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിന്‍
രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷനാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ സൗജന്യമായിരിക്കും.
സ്വകാര്യ ആശുപത്രികളിലും വാക്‌സീന്‍ ലഭിക്കും. 45 വയസ്സിനു മുകളില്‍ പ്രായമുള്ള മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സീന്‍ ലഭിക്കും. 60 പിന്നിട്ടവര്‍ക്ക് വാക്സിന്‍ നല്‍കിയ ശേഷം 50 പിന്നിട്ടവര്‍ക്ക് നല്‍കും. ഏതെങ്കിലും മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കും.
രോഗം മൂര്‍ച്ഛിച്ചവരെന്നും അല്ലാത്തവരെന്നും വേര്‍തിരിച്ചാകും ഈ വിഭാഗത്തില്‍ മുന്‍ഗണന നിശ്ചയിക്കുക. പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദയരോഗങ്ങള്‍, ഹൃദയാഘാതം, കാന്‍സര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സീന്‍ വിതരണം നടക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പണം നല്‍കേണ്ടിവരും.
തുക എത്രയെന്ന് കുറച്ചു ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം തീരുമാനിക്കും. വാക്‌സീന്‍ നിര്‍മാതാക്കളുമായും ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.