കേരളം
നാട്ടുകാർക്ക് ഭീഷണിയായ കാട്ടുതേനീച്ചകളെ പിടിച്ചെടുത്ത് തുറന്നുവിട്ടു
കിളിമാനൂര്‍ പഞ്ചായത്തില്‍ പനപ്പാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ ഭീഷണി സൃഷ്ടിച്ച കാട്ടുതേനീച്ചകളെ പിടികൂടി വനത്തില്‍ തുറന്നുവിട്ടു. 60 കൂടുകളില്‍നിന്നാണ് തേനീച്ചകളെ മാറ്റി കൂടുകള്‍ നശിപ്പിച്ചത്.
അയല്‍വാസിയും കണ്ണങ്കര ഭ്രമരം ഹണി ആന്‍ഡ് ബി കീപ്പിങ് ഉടമ ലിജുവും സഹായികളായ ബിനു, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് വ്യാഴാഴ്ചയും ശനിയാഴ്ചയുമായി രണ്ടുദിവസംകൊണ്ട് രാത്രിയില്‍ തേനീച്ചക്കൂട്ടത്തെ പിടിച്ചെടുത്തത്.
പൊതുവെ ഭീതി പരത്തുന്ന തേനീച്ചകളെ കൂടുള്‍പ്പെടെ തീവച്ചാണ് നശിപ്പിക്കുന്നത്. അത്തരത്തില്‍ നശിപ്പിക്കാന്‍ താല്പര്യമില്ലാത്ത ലിജു വനം വകുപ്പിന്റെ അനുമതിയോടെ പിടിച്ചുമാറ്റാനുള്ള ദൗത്യമേറ്റെടുക്കുകയായിരുന്നു.
പിടികൂടിയ തേനീച്ചകളെ അഞ്ചല്‍ വനംവകുപ്പ് ഓഫീസിലെത്തിച്ച് കൈമാറിയ ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഞ്ചല്‍ വനമേഖലയിലെത്തിച്ച് തുറന്നുവിടുകയായിരുന്നു.
അതെ സമയം കിളിമാനൂര്‍ പുല്ലയില്‍ പ്രദേശത്ത് മൂന്നാഴ്ച മുന്‍പ് തേനീച്ചക്കുത്തേറ്റ് ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതോടെ മേഖലയിലെ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്നാണ് കോളേജിലെ തേനീച്ചക്കൂടും നീക്കാന്‍ നടപടിയുണ്ടായത്.