കേരളം
25-ാമത് ഐഎഫ്‌എഫ്‌കെ കൊച്ചി എഡിഷന് തുടക്കമായി
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയില്‍ പുരോഗമിക്കുന്നത്. കോ വിഡ് ടെസ്റ്റ് നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ പഴുതടച്ച പ്രവര്‍ത്തനങ്ങളാണ് ചലച്ചിത്ര മേളയില്‍ ആദ്യാവസാനം നടത്തുന്നത്. ഇതുവരെ നടത്തിയ 1800 ഓളം പരിശോധനകളില്‍ അഞ്ചു പേര്‍ മാത്രമാണ് പോസിറ്റീവ് ആയത്.
ആരോഗ്യവകുപ്പിന്റെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പരിശോധന നടത്തുന്നതിനായി മേളയുടെ പ്രധാന കേന്ദ്രമായ സരിത- സവിത – സംഗീത തീയറ്റര്‍ കോംപ്ലക്‌സിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി 14 നു തന്നെ പരിശോധന ആരംഭിച്ചു. അഞ്ച് കൗണ്ടറുകളാണ് പരിശോധനക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എട്ട് ലാബ് അസിസ്റ്റന്റുമാരും ഒരു ഡോക്ടറുടെ സേവനവും ഇവിടെയുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ ആരോഗ്യനില അനുസരിച്ച് മാറ്റുകയാണ് ചെയ്യുന്നത്. കൂടുതല്‍ ലക്ഷണങ്ങള്‍ ഉള്ളവരെ ആംബുലന്‍സില്‍ എഫ്.എല്‍ .ടി .സി കളിലേക്ക് മാറ്റും. വീട്ടില്‍ വിശ്രമിക്കേണ്ടവര്‍ക്ക് അതിനുള്ള വാഹന സൗകര്യവും ഏര്‍പ്പാടാക്കി നല്‍കും. ഇവര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട ഭക്ഷണവും വെള്ളവും ആരോഗ്യ വകുപ്പ് നല്‍കും. 14-ാം തീയതി 540 ഉം 15 ന് 440 ഉം 16 ന് 670 ഉം കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതില്‍ അഞ്ച് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതു കൂടാതെ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘമുണ്ട്. ഓരോ പ്രദര്‍ശനം കഴിയുമ്ബോഴും കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തീയറ്റര്‍ അണുവിമുക്തമാക്കും. തീയറ്ററിലേക്ക് പ്രവേശിക്കുന്നതിനു മുമ്ബും തിരിച്ചിറങ്ങുമ്ബോഴും കൈകള്‍ അണുവിമുക്തമാക്കുന്നതിന് സാനിറ്റൈസറും നല്‍കുന്നുണ്ട്.ആരോഗ്യ വകുപ്പ് ,നാഷണല്‍ റൂറല്‍ ഹെല്‍ത് മിഷന്‍ ,കേരള ചലച്ചിത്ര അക്കാദമി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.