കേരളം
സരിതക്കെതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്
സരിതക്കെതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്. നെയ്യാറ്റിന്‍കര മുന്‍ എസ് എച്ച് ഒ യ്ക്കാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി നോട്ടീസ് നല്‍കിയത്. സരിതക്കെതിരായ തൊഴില്‍ തട്ടിപ്പിന്‍െറ അന്വഷണത്തില്‍ വീഴ്ച സംഭവിച്ചതായി ഡിഐജി കണ്ടെത്തിയിരുന്നു.
ബെവ്കോയിലും ആരോഗ്യവകുപ്പിലും നിയമനം വാഗ്ദ്ധാനം ചെയ്ത് സരിത ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി നാല് മാസം മുന്‍പാണ് നെയ്യാറ്റിന്‍കര പോലീസിന് പരാതി ലഭിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു അന്വഷണവും പിന്നീട് നടന്നില്ല. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണം പോലീസ് അട്ടിമറിക്കുകയായിരുന്നു.
പരാതിക്കാര്‍ സരിതക്കെതിരായ തെളിവുകള്‍ പുറത്ത് വിട്ടതോടെ പോലീസ് പ്രതിരോധത്തിലായി. ഇതിനൊപ്പം സിപിഎമ്മിന്‍െറ അറിവോടെയാണ് താന്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതെന്ന സരിതയുടെ വെളിപ്പെടുത്തലും പുറത്ത് വന്നു.
ഇതോടെയാണ് ദക്ഷിണമേഖലാ ഡിഐജി സജ്ജയ്കുമാര്‍ ഗുരുഡിന്‍ കേസ് ഫയലുകള്‍ കഴിഞ്ഞ ദിവസം വിളിച്ച് വരുത്തിയത്. തുടര്‍ന്ന് കേസ് അന്വഷണത്തില്‍ വീഴ്ച വരുത്തിയ നെയ്യാറ്റിന്‍കര മുന്‍ എസ് എച്ച് ഒയ്ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മറുപടി ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് ഡിഐജി അറിയിച്ചു. സരിതയെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത് മുഖം രക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.