കേരളം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിൽ രോഗിയെ മയക്കാതെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി; മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍
രോഗിയെ മയക്കാതെ തലച്ചോറില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. എംപി. രാജീവന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെ രോഗിയുടെ തലച്ചോറിലെ മുഴ നീക്കംചെയ്തു.
ഡോ. വിജയന്‍, ഡോ. രാധാകൃഷ്ണന്‍, ഡോ. റസ്വി, ഡോ. വിനീത്, ഡോ. ഷാനവാസ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനു, ഡോ. ഷഫ്ന, ഡോ. ഹുസ്ന എന്നിവരുടെ സഹകരണവും ശസ്ത്രക്രിയയ്ക്കുണ്ടായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രനും ആശുപത്രി സൂപ്രണ്ട് ഡോ. എംപി. ശ്രീജയനും ശസ്ത്രക്രിയയില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായാണ് രോഗിയെ മയക്കാതെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയത്. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖംപ്രാപിച്ചു. രോഗിയെ ബോധംകെടുത്താതെ, ശസ്ത്രക്രിയാ സമയത്തും നിരീക്ഷിച്ചുകൊണ്ട് കൈയുംകാലും നിയന്ത്രിക്കുന്ന ഭാഗത്തുള്ള തലച്ചോറിലെ മുഴ മുഴുവനായി നീക്കംചെയ്യുകയായിരുന്നു.
രോഗി ഉണര്‍ന്നിരിക്കുമ്ബോള്‍ ശസ്ത്രക്രിയ നടത്തി (Awake craniotomy) ട്യൂമര്‍ നീക്കംചെയ്യുമ്ബോള്‍ രോഗിയുടെ തലച്ചോറില്‍ തകരാറുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനാകും. രോഗിയുമായി സംവദിച്ചു കൊണ്ടിരിക്കെ ശസ്ത്രക്രിയ ചെയ്യുമ്ബോള്‍ ബലക്കുറവും മറ്റും മനസ്സിലാക്കി ട്യൂമര്‍ നീക്കംചെയ്യുന്നു. തലച്ചോറിനുള്ളില്‍ അനസ്തേഷ്യയൊന്നും നല്‍കുന്നില്ല. തലച്ചോറിലെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ ഉണര്‍ന്നിരിക്കുമ്ബോഴുണ്ടാകുന്ന ചലനങ്ങള്‍ മനസ്സിലാക്കിയാണ് ഇത് ചെയ്യുന്നത്.