കേരളം
പാലക്കാട് ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം പി.ബി. നൂഹിനു സ്ഥലംമാറ്റം
പാലക്കാട് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയേറ്റെടുത്ത പി.ബി. നൂഹിനു മണിക്കൂറുകൾക്കകം സ്ഥലംമാറ്റം. തിരഞ്ഞെടുപ്പു വിഭാഗത്തിൽ അഡീഷനൽ ചീഫ് ഇലക്ട്രൽ ഓഫിസർ ആൻഡ് അഡീഷനൽ സെക്രട്ടറി തസ്തികയിലേക്കാണു സ്ഥലംമാറ്റിയത്.
കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ നൂഹ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക യോഗം നടത്തിയതിനു പിന്നാലെയായിരുന്നു പുതിയ നിയോഗം. ഉച്ചകഴിഞ്ഞ് അദ്ദേഹം പാലക്കാട്ടു നിന്നു മടങ്ങി.
അടുത്ത ദിവസം തിരുവനന്തപുരത്തെത്തി പുതിയ ചുമതല ഏറ്റെടുക്കുമെന്നു നൂഹ് അറിയിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറുടെ പദവി ഒഴിഞ്ഞ ശേഷം സഹകരണ റജിസ്ട്രാറായി തിരുവനന്തപുരത്തു ചുമതലയേറ്റ നൂഹിനു കഴിഞ്ഞ ദിവസമാണു പാലക്കാട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രത്യേക ചുമതല നൽകി സർക്കാർ ഉത്തരവിറക്കിയത്.
പൊലീസിനെയും സെക്ടറൽ മജിസ്ട്രേട്ടുമാരെയും വിവിധ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കനുള്ള ചുമതലയാണു ലഭിച്ചിരുന്നത്. ഒറ്റപ്പാലം മുൻ സബ് കലക്ടർ കൂടിയായ നൂഹിനു ജില്ലയുമായി അടുത്ത ബന്ധമുണ്ട്.