കേരളം
മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം
കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് രാത്രി വീണ്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് വീണ്ടും തുറന്നു. ഒമ്പതു ഷട്ടറുകളാണ് തമിഴ്‌നാട് തുറന്നിരിക്കുന്നത്. പുലര്‍ച്ചെ നാലു ഷട്ടറുകള്‍ കൂടി തുറന്നാണ് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
നിലവില്‍ ഒമ്പതു ഷട്ടറുകള്‍ വഴി 5668.16 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. അഞ്ചിലേറെ തവണയായി തമിഴ്‌നാട് രാത്രി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതില്‍ കേരളസര്‍ക്കാര്‍ തമിഴ്‌നാടിനെ ആശങ്ക അറിയിച്ചിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കാന്‍ ആരംഭിച്ചത്. എട്ടുമണിയോടെ ഒമ്പതു ഷട്ടറുകള്‍ ഉയര്‍ത്തി 7600 ഘനയടി വെള്ളം വരെ പുറത്തേക്ക് ഒഴുക്കി. പിന്നീട് രാത്രി 11 മണിയോടെ തുറന്ന 9 ഷട്ടറുകളില്‍ എട്ടും അടയ്ക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ശേഷമാണ് തമിഴ്‌നാട് വീണ്ടും ഷട്ടറുകള്‍ തുറന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പെരിയാറിന്റെ തീരത്തു താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. പിന്നീട് ഷട്ടറുകള്‍ താഴ്ത്തുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ പകല്‍ സമയത്ത് മുന്നറിയിപ്പോടു കൂടി മാത്രമേ തുറക്കാന്‍ പാടുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചിരുന്നു.