കേരളം
മീനില്‍ പുഴുക്കള്‍; 800 കിലോ അഴുകിയ മത്സ്യം പിടികൂടി
തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത് 800 കിലോ അഴുകിയ മത്സ്യം പിടികൂടി. ഒരു മാസം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാല്‍ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്.
മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായും സംശയമുണ്ട്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി മണ്ണിട്ടു മൂടി നശിപ്പിച്ചു. ഇവിടെ റോഡരികിലെ മത്സ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു ഹോട്ടലുകള്‍ അടപ്പിച്ചു. പഴകിയ പൊറോട്ടയും ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്ന പാകം ചെയ്ത ഇറച്ചിയും പഴകിയ ചപ്പാത്തിയും, ഇറച്ചി ഫ്രൈയും, പഴകിയ മാംസവും കണ്ടെത്തി പിടിച്ചെടുത്തു. ദുര്‍ഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ അധികവും സൂക്ഷിച്ചിരുന്നത്.
ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചത്. ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലും ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലുമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചായത്തിലെ 32 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.