കേരളം
ഏറ്റെടുക്കാന്‍ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. ഇവരുടെ തുടര്‍ പരിചണം ഉള്‍പ്പെടെയുള്ളവ മെഡിക്കല്‍ കോളജ് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്. ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവുമൊക്കെ നല്കി വരുന്നത്. ജീവനക്കാരുടെ മാതൃകാപരമായ ഈ പ്രവര്‍ത്തി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതേസമയം ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ടാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് പ്രശ്നത്തിലിടപെട്ടു.
മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്. ബിന്ദുവും യോഗം ചേര്‍ന്ന് ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഹോമുകളില്‍ ചികിത്സ പൂര്‍ത്തിയാക്കിവരുടെ പുനരധിവാസം ഉറപ്പാക്കി വരുന്നു. അതിന്റെ ഭാഗമായാണ് 8 രോഗികളെ ശ്രീകാര്യത്തെ ഹോം ഏറ്റെടുത്തത്. ഈ വര്‍ഷം ഇതുവരെ 17 രോഗികളെയാണ് പുനരധിവസിപ്പിച്ചത്.