കേരളം
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് 750 പേര്‍, രണ്ടു മീറ്റര്‍ അകലത്തില്‍ ഇരിപ്പിടം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ LDF മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേരെന്ന് വിവരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കിയായിരിക്കും ചടങ്ങുകൾ.
പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേര്‍ക്കായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.
പഴയ മന്ത്രിസഭ കെയര്‍ടേക്കറായി തുടരുന്നുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമാണ് സെക്രട്ടറിയേറ്റില്‍ എത്തുന്നുള്ളു. ആറ് മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം ഇതിനകം തിരിച്ചേല്‍പ്പിച്ചു കഴിഞ്ഞു. മറ്റുള്ളവര്‍ അടുത്തദിവസങ്ങളിലായി തിരികെ ഏല്‍പ്പിക്കും. നിലവിലെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാര്‍ക്കു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 17ന് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. മന്ത്രിസ്ഥാനങ്ങളുടെ വീതംവെപ്പ് അടക്കമുളള വിഷയങ്ങളില്‍ അന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.പുതുതായി ഇടത് മുന്നണിയിലേക്ക് എത്തിയ കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചേക്കും. ഒരു സീറ്റില്‍ വിജയിച്ച ഐഎന്‍എല്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവര്‍ക്ക് മാത്രമേ പുതിയ മന്ത്രിസഭയില്‍ തുടര്‍ച്ചയുണ്ടാകൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.