Uncategorized
ശബരിമലയില്‍ നശിപ്പിക്കേണ്ടത് 6.65 കോടിയുടെ അരവണ! വെല്ലുവിളികള്‍ ഏറെ
ശബരിമലയിലെ ഉപയോഗശൂന്യമായ ഒന്നര ലക്ഷത്തിലധികം ലിറ്റർ അരവണ നശിപ്പിക്കുന്നത് വൈകും. ഇക്കാര്യത്തിൽ വിവിധ കമ്പനികളുമായി ചർച്ച തുടരുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. അരവണയില്‍ ഉപയോഗിച്ച ഏലക്കയിൽ കീടനാശിനി സാന്നിധ്യം ഉണ്ടെന്ന വിവാദത്തെ തുടർന്നാണ് അരവണ ഉപയോഗശൂന്യമായത്. 1,66,000 ലിറ്റർ അരവണയാണ് ഉപയോഗശൂന്യമായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇവ നശിപ്പിക്കുന്നതിന് വെല്ലുവിളികൾ ഏറെയാണ്. കാനന മേഖലയിൽ അരവണ നശിപ്പിക്കുന്നത് വന്യ മൃഗങ്ങൾക്ക് ഭീഷണി ആകുമോ എന്ന ആശങ്കയാണ് ഒരുവശത്തുള്ളത്. മണ്ഡലകാലത്തെ തീർത്ഥാടകരുടെ തിരക്കിനിടയിൽ ഇത്രയധികം അരവണ എങ്ങനെ പുറത്തെത്തിക്കും എന്ന വെല്ലുവിളിയും നിലനില്‍ക്കുന്നുണ്ട്. അരവണ നശിപ്പിക്കാൻ വിവിധ കമ്പനികളുമായി ചർച്ചകൾ തുടരുകയാണെന്നും ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി
അരവണയിൽ കീടനാശിനി സാന്നിധ്യമുള്ള ഏലക്ക ഉപയോഗിച്ചു എന്ന പരാതിയെ തുടർന്ന് ആദ്യം നടത്തിയ പരിശോധനയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ വിതരണം നിർത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി രണ്ടാമത് നടത്തിയ പരിശോധനയിലാണ് കീടനാശിനി സാന്നിധ്യം ഇല്ലെന്ന് വ്യക്തമായത്. ഇതിനിടെ അരവണ ഉപയോഗശൂന്യമാവുകയായിരുന്നു. ഇതോടെയാണ് അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. ആറു കോടി 65 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.