കേരളം
സംസ്ഥാനത്ത് കനത്ത പോളിങ്; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 54.97 ശതമാനം പേർ
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് 54.97% കടന്നു. കൊവിഡ് കാലത്തും മികച്ച പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഇതുവരെയുളള റിപ്പോർട്ട് പ്രകാരം കോഴിക്കോട് ജില്ലയിലാണ് (62%) ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവും കുറവ് പോളിങ്.
ഇതുവരെ 51 ശതമാനം പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയിട്ടുളളൂ. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ സംസ്ഥാനത്തെ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തി. കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിങാണ്.
സംസ്ഥാനത്ത് അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറായെങ്കിലും എല്ലായിടത്തും പ്രശ്നം പരിഹരിച്ച് പോളിങ് തുടരാൻ കഴിഞ്ഞു. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
അതിനിടെ, മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിങ്. നിലവിലെ സാഹചര്യത്തിൽ പോളിങ് തുടർന്നാൽ ഇത് മറികടന്നേക്കും. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്ത് വിടുക.