കേരളം
ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധം; ഇന്നുമുതല്‍ നാലുമാറ്റങ്ങള്‍, വിശദാംശങ്ങള്‍
സാമ്പത്തിക ഇടപാടുകളില്‍ അടക്കം ഇന്നുമുതല്‍ നാലുമാറ്റങ്ങള്‍. ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കിയതാണ് ഇതില്‍ പ്രധാനം.
നവംബര്‍ ഒന്നുമുതല്‍ എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെവൈസി നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎ അറിയിച്ചു. നിലവില്‍ ഇത് സ്വമേധയാ നല്കിയാല് മതിയായിരുന്നു. സമയപരിധി നീട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് ഒടിപി നമ്പര്‍ ലഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി കൈമാറുന്നത്. നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം. അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകര്‍ ജിഎസ്ടി റിട്ടേണില്‍ നിര്‍ബന്ധമായി എച്ച്എസ്എന്‍ കോഡ് നല്‍കണം. നാലക്ക നമ്പറാണ് എച്ച്എസ്എന്‍ കോഡ്.
വിവിധ ദീര്‍ഘദൂര ട്രെയിനുകളുടെ പുതുക്കിയ ടൈംടേബിള്‍ നവംബര്‍ ഒന്നിന് നിലവില്‍ വരും. 13000 യാത്രാ ട്രെയിനുകളുടെയും 7000 ചരക്കുതീവണ്ടികളുടെയും ടൈംടേബിളാണ് പുതുക്കിയത്. 30 രാജധാനി ട്രെയിനുകളുടെ ടൈംടേബിളിലും മാറ്റം ഉണ്ട്.