കേരളം
വാക്ക് പാലിച്ചില്ല; കാസര്‍കോട് നിന്ന് 34 നേഴ്സിങ്ങ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍ നല്കിയ ഉറപ്പുകള്‍ പാഴ്വാഗ്ദാനങ്ങള്‍ മാത്രം. മന്ത്രിമാര്‍ രേഖാമൂലം നല്കിയ ഉറപ്പിനെ തുടര്‍ന്ന് 18 ദിവസം നടത്തിയ നിരാഹാര സമരം കഴിഞ്ഞ 19 -ാം തിയതിയാണ് ദയാബായി അവസാനിപ്പിച്ചത്. എന്നാല്‍ 10 ദിവസം കഴിയുമ്പോള്‍ കാസര്‍കോട് ജില്ലയിലെ 34 നഴ്സിങ്ങ് ഓഫീസര്‍മാരെയാണ് (ഗ്രേഡ് 1) സര്‍ക്കാര്‍ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. 34 നഴ്സിങ്ങ് ഓഫീസര്‍മാരെ മാറ്റിയതിന് പകരമായി ഒരൊറ്റയാളെ പോലും കാസര്‍കോട്ടേക്ക് പകരം നിയമിച്ചിട്ടില്ല. ഇതോടെ ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി.
ജില്ലയില്‍ നിന്ന് 34 പേരെ മാറ്റിയെങ്കിലും പകരം സംവിധാനമെന്തെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും പ്രതിസന്ധി സങ്കീര്‍ണ്ണമാക്കുന്നു. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവിനാല്‍ നേരത്തെ തന്നെ ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. ഇതിനിടെയാണ് നഴ്സിങ്ങ് ഓഫീസര്‍മാരുടെ കൂട്ട സ്ഥലം മാറ്റം. കാസർകോട് ജില്ലയിലേക്ക് നിയമിച്ച ജീവനക്കാരെ 2 വർഷം തികയാതെ സ്ഥലം മാറ്റാൻ പാടില്ലെന്ന ഉത്തരവിനെ അട്ടിമറിച്ചാണ് പല സ്ഥലം മാറ്റങ്ങളും നല്‍കിയിരിക്കുന്നത്.
കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 19 പേരെയും ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ നിന്ന് 13 പേരെയും ജില്ലാ ആശുപത്രിയിൽ നിന്ന് 2 പേരെയുമാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്കാണ് ഇവര്‍ക്ക് പുതിയ പോസ്റ്റിങ്ങ് നല്‍കിയിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ വിദഗ്ദ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുറവ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് ഈ കൂട്ട സ്ഥലം മാറ്റം.