കേരളം
രണ്ടാം തരംഗത്തിൽ കേരളത്തിൽ മരിച്ചത് 24 ഡോക്ടർമാർ; കണക്ക് പുറത്തുവിട്ട് IMA
കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ മരണപ്പെട്ട ഡോക്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ട്. ഐ എം എ ശനിയാഴ് പുറത്ത് വിട്ട റിപ്പോർട്ടിൽ 24 ഡോക്ടർമാരാണ് കേരളത്തിൽ മരിച്ചത്. ജൂൺ 5 ന് പുറത്ത് വിട്ട കണക്കിൽ ഡോക്ടർമാരുടെ മരണ സംഖ്യ 5 ആയിരുന്നു. ഒരാഴ്ചക്കിടെ 19 ഡോക്ടർമാർ മരിച്ചതായാണ് കണക്ക്.
ഏറ്റവും അധികം ഡോക്ടർമാർ മരിച്ചത് ബീഹാറിലാണ്. പുതിയ കണക്ക് പ്രകാരം ബീഹാറിൽ 111 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായി. ഡൽഹിയിൽ 109 ഉം ഉത്തർ പ്രദേശിൽ 79 ഉം പശ്ചിമ ബംഗാളിൽ 63 ഉം ഡോക്ടർമാർ മരിച്ചു. രാജസ്ഥാൻ-43, ജാർഖണ്ഡ് -39, ഗുജറാത്ത് 37, തെലങ്കാന – 36,ആന്ധപ്രദേശ് – 35 , തമിഴ്നാട് – 32 എന്നിങ്ങനെയാണ് കണക്കുകൾ. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഇതുവരെ 1 മരണം ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗോവയിൽ 2 പേർ മരിച്ചു.ആകെ മരണം 719 ആയും ഉയർന്നു.
ജൂൺ 5 ലെ കണക്ക് പ്രകാരം 646 ഡോക്ടർമാരാണ് മരിച്ചത്. ഒരാഴ്ചക്കിടെ രാജ്യത്ത് 73 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും മരണനിരക്കിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ഡോക്ടർമാരുടെ മരണം സംഖ്യയും ഉയരുന്നത്.
കോവിഡ് പ്രതിദിന കണക്കിൽ കുറവ് വരുന്നുണ്ടെങ്കിലും മരണക്കണക്കുകൾ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. മരണസംഖ്യ പ്രതിദിനം ആറായിരം വരെ കടന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 4,002 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,67,081 പേരാണ് കോവിഡിൽ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 84,332 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ എഴുപത് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,93,59,155 ആയി ഉയർന്നു. ഇതിൽ 2,79,11,384 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,80,690 ആക്ടീവ് കേസുകളാണുള്ളത്.