കേരളം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 23 വീടുകള്‍ തകര്‍ന്നു, 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്തമഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി.
3071 കെട്ടിടങ്ങള്‍ ക്യാമ്പുകള്‍ക്കായി സജ്ജമാക്കി. ഇതില്‍ 4,23,080 പേരെ ഉള്‍ക്കൊള്ളിക്കാനാകും. തിരുവനന്തപുരത്ത് എട്ടും ഇടുക്കിയില്‍ മൂന്നും എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ക്യാമ്പും തുടങ്ങി. തിരുവനന്തപുരത്ത് ഒരു വീട് പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു.
തലസ്ഥാന ജില്ലയിലെ എട്ട് ക്യാമ്പുകളില്‍ 91 കുടുംബങ്ങളുണ്ട്. ഇവയില്‍ 303 പേരുണ്ട്. 121 പുരുഷന്മാരും 117 സ്ത്രീകളും 65 കുട്ടികളും. നേരത്തേ വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയെ തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകളാണിവ.
അതിതീവ്രമഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ദുരനന്തനിവാരണ സേനയുടെ അഞ്ച് സംഘങ്ങള്‍ കൂടിയെത്തും. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.