കേരളം
എംബിബിഎസ് അവസാന വർഷ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥികൾ
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു. 2017 എംബിബിഎസ് ബാച്ചുകാരുടെ അവസാന വർഷ പരീക്ഷ ആണ് വിദ്യാർഥികൾ ബഹിഷ്കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ പരീക്ഷയെഴുതിയത് 20 വിദ്യാർഥികൾ മാത്രമാണ്. 190 വിദ്യാർഥികൾ ഇവിടെ മാത്രം പരീക്ഷ ബഹിഷ്കരിച്ചു. ആവശ്യത്തിന് ക്ലാസുകൾ നൽകാതെ പരീക്ഷ നടത്തിയതിൽ പ്രതിഷേധിച്ചാണ് പരീക്ഷ ബഹിഷ്കരിച്ചത്.
എം ബി ബി സ്അവസാന വർഷ വിദ്യാർഥികളുടെ അധ്യയന ദൈർഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് മാത്രം തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് തീർത്തത്. അതേസമയം ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം അനുസരിച്ച് ബോർഡ് ഓഫ് എക്സാമിനേഷൻസ് എടുത്ത തീരുമാനപ്രകാരമാണ് പരീക്ഷ എന്നാണ് ആരോഗ്യ സർവകലാശാലയുടെ വിശദീകരിച്ചത്.
കൊവിഡ് സാഹചര്യത്തിൽ കൂടുതലും ഓൺലൈൻ പഠനമാണ് ഉണ്ടായത്. രോഗിയെ കണ്ട് പഠിക്കേണ്ട ക്ലിനിക്കൽ വിഷയങ്ങളിലെ പഠനം തീരെ കുറഞ്ഞു. പഠനം ഓട്ടപ്പാച്ചിലിലാണെങ്കിലും പക്ഷേ പരീക്ഷ അതിവേഗത്തിലാണ്. ഇത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്നും വൈദഗ്ധ്യമില്ലാത്ത ഒരു പുതു തലമുറ ഡോക്ടർമാർ പുറത്തിറങ്ങുമെന്നുമുള്ള ആശങ്ക വിദ്യാർഥികൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു .
വേണ്ടത്ര സ്റ്റഡി ലീവ് പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. കൂടുതൽ ക്ലാസുകൾ നൽകുന്നതിനായി സർവകലശാല പരീക്ഷകൾ നീട്ടിവെക്കണമെന്ന് മെഡിക്കൽ കോളേജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയെങ്കിലും പരീക്ഷ നടത്തുകയല്ലാതെ മറ്റ് നിവൃത്തി ഇല്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ആരോഗ്യ സർവകലാശാല ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധമായി ഇന്നത്തെ പരീക്ഷ ബഹിഷ്കരണം.