കേരളം
ആറു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ പെഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളം കൂടിയത് 200 ശതമാനം
മുഖ്യമന്ത്രിയുടെ പെഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പള ഇനത്തില്‍ ചെലവഴിക്കുന്ന തുകയില്‍ ആറു വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന ഇരുന്നൂറു ശതമാനത്തോളം. 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവിലെ കണക്കാണിത്. പെന്‍ഷനില്‍ ഇരട്ടിയോളം വര്‍ധന ഉണ്ടായിട്ടുണ്ട്. 2013-14ല്‍ മുഖ്യമന്ത്രിയുടെ പെഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പള ഇനത്തില്‍ 94.15 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2019-20ല്‍ ഇത് 2.73 കോടിയായി.
മറ്റു മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം ഈ കാലയളവില്‍ 26.82 കോടിയില്‍നിന്ന് 32.06 കോടിയായാണ് ഉയര്‍ന്നത്. വര്‍ധന-25.3 ശതമാനം. പേഴ്‌സനല്‍ സ്റ്റാഫിലെ രാഷ്ട്രീയ നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രാഷ്ട്രീയ നിയമനങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പെഴ്‌സനല്‍ സ്റ്റാഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനങ്ങള്‍ നടത്തുകയാണ് തുടര്‍ന്നുവരുന്ന രീതി. രണ്ടര വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ട്. അതുകൊണ്ടുതന്നെ രണ്ടര വര്‍ഷത്തിനു ശേഷം പുതിയ ആളുകളെ നിയമിക്കുന്നതും പതിവാണ്. 2019-20ല്‍ 34.79 കോടിയാണ് പെഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളവും യാത്രാ ബത്തയുമായി സര്‍ക്കാര്‍ ചെലവാക്കിയത്. പെന്‍ഷന്‍ ഇനത്തില്‍ 7.13 കോടിയും ഗ്രാറ്റുവിറ്റിയായി 1.79 ലക്ഷവും ചെലവാക്കി.