കേരളം
ഇനി ഓണ്‍ലൈന്‍ ഇടപാടുകൾക്ക് 16 അക്ക നമ്പര്‍ വേണം; പുതിയ വ്യവസ്ഥയുമായി റിസര്‍വ് ബാങ്ക്
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് വര്‍ധിച്ചുവരികയാണ്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി എന്ന് പറഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. ഓരോ ഓണ്‍ലൈന്‍ ഇടപാടിനും പേരും കാര്‍ഡ് നമ്പറും കാര്‍ഡിന്റെ കാലാവധി തീരുന്ന സമയവും സിവിവിയും നിര്‍ബന്ധമാക്കി സുരക്ഷ ഉറപ്പാക്കാനുള്ള നീക്കമാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
16 അക്കമാണ് കാര്‍ഡ് നമ്പറിനുള്ളത്. ജനുവരിയില്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നേക്കും. നിലവില്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലൂടെ ഇടപാട് നടത്തുമ്പോള്‍ ആദ്യത്തെ തവണ മാത്രമേ കാര്‍ഡിന്റെ മുഴുവന്‍ വിവരങ്ങളും കൈമാറേണ്ടതുള്ളൂ. പിന്നീടുള്ള ഓരോ ഇടപാടിനും സിവിവി നമ്പര്‍ നല്‍കി ഇടപാട് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം എല്ലാ ഓണ്‍ലൈന്‍ സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇടപാട് വേഗത്തില്‍ പൂര്‍ത്തിയാവും എന്നത് കൊണ്ട് ഉപഭോക്താവും താത്കാലികമായെങ്കിലും ഇതിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ ഓരോ ഇടപാടിനും കാര്‍ഡിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടി വരും.
നിലവില്‍ ആദ്യ ഇടപാടിനു ശേഷം സിവിവി ഒഴിച്ചുള്ള കാര്‍ഡിലെ മറ്റു വിവരങ്ങള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ അവരുടെ സര്‍വറില്‍ സൂക്ഷിക്കുന്നതാണ് പതിവ്. ഇത് തടയുകയാണ്് പുതിയ വ്യവസ്ഥയിലൂടെ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഉപഭോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് ഓരോ ഇടപാട് നിര്‍വഹിക്കുമ്പോഴും കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ആദ്യം മുതല്‍ നല്‍കേണ്ടി വരും.